രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അഴിമതിയും വംശീയ രാഷ്ട്രീയവുമാണ് അവർക്കെല്ലാം. വികസനത്തിന് മുൻതൂക്കം നൽകുന്ന സർക്കാരാണ് രാജസ്ഥാനിൽ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.പാലി ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. പ്രീണനമല്ലാതെ മറ്റൊന്നും കോൺഗ്രസിന് ചിന്തിക്കാനാവില്ല. കോൺഗ്രസിനും സഖ്യകക്ഷികൾക്കും സ്ത്രീവിരുദ്ധ മനോഭാവമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
വനിതകൾക്ക് സംവരണം നൽകുന്ന ‘നാരിശക്തി വന്ദൻ നിയമം’ പാസാക്കിയത് മുതൽ സ്ത്രീകൾക്കെതിരായ പ്രചാരണത്തിലാണ് പ്രതിപക്ഷം. രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും കുറിച്ച് പ്രതിപക്ഷ നേതാക്കൾ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തി. ബീഹാർ മുഖ്യമന്ത്രി സ്ത്രീകൾക്കെതിരെ അങ്ങേയറ്റം അപകീർത്തികരമായ വാക്കുകളാണ് നിയമസഭയിൽ ഉപയോഗിച്ചത്. എന്നിട്ട് ഒരു കോൺഗ്രസ് നേതാവ് പോലും ഇതേക്കുറിച്ച് മിണ്ടിയില്ല – മോദി ആരോപിച്ചു.കോൺഗ്രസിന്റെ യഥാർത്ഥ മുഖം രാജസ്ഥാനിലെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ദളിതർക്കെതിരായ അതിക്രമങ്ങൾക്കെതിരെ കോൺഗ്രസ് കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ന് രാജ്യം മുഴുവൻ വികസന ലക്ഷ്യത്തിനായി അഹോരാത്രം പ്രയത്നിക്കുകയാണെന്നും 21-ാം നൂറ്റാണ്ടിൽ ഇന്ത്യ കൈവരിക്കുന്ന ഉയരങ്ങളിൽ രാജസ്ഥാൻ വലിയ പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.