കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയർ വിജിലൻസ് പിടിയിലായി. തൃശൂർ താലൂക്ക് സർവേയർ രവീന്ദ്രനാണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. അയ്യന്തോൾ സ്വദേശിയായ പരാതിക്കാരന്റെ വസ്തു അളന്നു നൽകാൻ എത്തിയ രവീന്ദ്രൻ ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ഫീസ് എന്ന വ്യാജേന 2500 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നു. അളവ് പൂർത്തിയാകാത്തതിനാൽ മറ്റൊരു ദിവസം വരാമെന്നും പറഞ്ഞിരുന്നു.സെപ്റ്റംബർ മാസത്തിലാണ് പിന്നീട് അളക്കാൻ എത്തിയത്. വീണ്ടും 2500 രൂപ ആവശ്യപ്പെട്ടപ്പോൾ കൈക്കൂലിയാണെന്ന സംശയം തോന്നിയതോടെ ഇയാൾ വിജിലൻസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വിജിലൻസ് നൽകിയ ഫിനോൾഫ് തലിൻ പുരട്ടിയ നോട്ട് കൈമാറുന്നതിനിടെ വിജിലൻസ് സംഘം രവീന്ദ്രനെ കയ്യോടെ പിടികൂടുകയായിരുന്നു.