പത്തനംതിട്ട : യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ രേഖ കേസുമായി ബന്ധപ്പെട്ട് അടൂരിലും പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന. രണ്ട് പ്രാദേശിക നേതാക്കളുടെ വീട്ടിൽ നിന്ന് ലാപ്ടോപ്പുകളും, അനുബന്ധ രേഖകളും പിടിച്ചെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിന്റെ നിയോജകമണ്ഡലമാണ് അടൂർ. ഇന്നലെ അർദ്ധരാത്രിയായിരുന്നു പരിശോധന. രണ്ടുദിവസത്തിനകം മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകി.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് വോട്ട് ചെയ്തെന്നാണ് പരാതി.
വ്യാജ ഐഡി കാർഡുകൾ വ്യാപകമായി നിര്‍മ്മിച്ചതിൽ പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്. സോഫ്റ്റുവയർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പൊലീസ് നോട്ടീസ് അയക്കും. തെരഞ്ഞെടുപ്പിന് ശേഷം അതൃപ്തി പുകയുന്ന യൂത്ത് കോണ്‍ഗ്രസിൽ നിന്ന് തന്നെയാണ് വ്യാജനെ കുറിച്ചുള്ള വിവരങ്ങളേറെയും പൊലീസിന് കിട്ടുന്നത്. അട്ടിമറി പരാതി നൽകിയവരുടെ മൊഴിയെടുത്താൽ നിര്‍ണ്ണായക വിവരങ്ങൾ കിട്ടുമെന്നും അന്വേഷണ സംഘം കരുതുന്നു.