കേരളീയം നല്ല പരിപാടിയെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍. നല്ലത് ആര് ചെയ്താലും അത് താന്‍ അംഗീകരിക്കുമെന്നും ബിജെപി ബഹിഷ്‌കരണം എന്തിനെന്ന് അറിയില്ലെന്നും കേരളീയം സമാപന വേദിയിലെത്തിയ രാജഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയാണ് കേരളീയമെന്നും നല്ല പ്രഖ്യാപനങ്ങൾ ഈ പരിപാടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാജഗോപാല്‍ കേരളീയം വേദിയില്‍ എത്തിയതിനെ പരാമര്‍ശിച്ച മുഖ്യമന്ത്രി അദ്ദേഹത്തെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തിരുന്നു. കേരളീയത്തിലെ ജനപങ്കാളിത്തം അമ്പരപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളീയം സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയം നമ്മുടെ നാട് പൂര്‍ണമായും നെഞ്ചിലേറ്റി. ചില ദിവസങ്ങളില്‍ മഴ ഉണ്ടായി. എന്നാല്‍ മഴയെയൊന്നും കണക്കാക്കാതെ ആബാലവൃദ്ധം ജനങ്ങളും കേരളീയത്തിന്റെ ഭാഗമായി നടത്തിയ പരിപാടികളില്‍ പങ്കുകൊണ്ടു.കേരളീയം വന്‍ വിജയമാക്കിയത് ജനങ്ങളാണ്. കേരളീയത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തവും ഏറെ ശ്രദ്ധേയമായി. ജനങ്ങളുടെ ഒരുമ, ഐക്യം എന്നിവയൊക്കെ കേരളത്തിന്റെ പ്രത്യേകതകളാണ്. തുടര്‍ന്നും അങ്ങനെ തന്നെയാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.കൂടാതെ കേരളീയത്തിന്റെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പലസ്തീന്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെക്കുറിച്ച് ആലോചിച്ച് മനസില്‍ വേദന തങ്ങി നില്‍ക്കുകയാണ്. പൊരുതുന്ന പലസ്തീന് ഒറ്റക്കെട്ടായി പിന്തുണ നല്‍കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.