മറ്റ് വിഷയങ്ങളെപ്പോലെ കായികവും പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. കേരള സർവകലാശാല സംഘടിപ്പിക്കുന്ന സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി പുരുഷ വിഭാഗം ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ ബിരുദ പ്രോഗ്രാമുകളുടെ പാഠ്യപദ്ധതിയിൽ 2010 മുതൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഒരു കോഴ്സായി പഠിക്കാനുള്ള വ്യവസ്ഥയുണ്ട്. കൂടാതെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാർഥികൾക്കും ആരോഗ്യകരമായ ജീവിതത്തിന്റെ സന്ദേശം നൽകുന്ന ആരോഗ്യ വിദ്യാഭ്യാസത്തെ ഒരു അടിസ്ഥാന കോഴ്‌സായി ഉൾപ്പെടുത്തുന്നതിനുള്ള വ്യവസ്ഥയും അവതരിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 17 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കേരള സർവകലാശാല സൗത്ത് സോൺ ഇന്റർ യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 2007ൽ തിരുവനന്തപുരത്ത് നടന്ന ദക്ഷിണ മേഖലാ ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റിലും 2009ൽ ചണ്ഡീഗഢിൽ നടന്ന അഖിലേന്ത്യാ അന്തർ-സർവകലാശാല ടൂർണമെന്റിലും കേരള യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബോൾ ടീം റണ്ണറപ്പായിരുന്നു. കായിക താരങ്ങളെ വലിയ വേദികളിലെ പ്രകടനത്തിന് സജ്ജമാക്കുന്നതിൽ കേരളത്തിലെ യൂണിവേഴ്സിറ്റി ടീമുകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കായികരംഗത്തെ ഇടപെടലുകളിൽ കേരള സർവകലാശാലയ്ക്ക് അസാധാരണമായ റെക്കോർഡാണുള്ളത്. 2022-ൽ കേരള സർവ്വകലാശാലയെ പ്രതിനിധീകരിച്ച സച്ചിൻ മാത്യു (കെഎസ്ഇബി), അശ്വിൻ സേവ്യർ (കെഎസ്ഇബി), ശ്രീകല ആർ (കെഎസ്ഇബി) തുടങ്ങിയ രാജ്യാന്തര ബാസ്‌കറ്റ്ബോൾ കളിക്കാരെ സൃഷ്ടിക്കുന്നതിൽ സർവകലാശാല പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അക്കാദമിക് വിദഗ്ധരോടൊപ്പം കായികരംഗത്തും മികവ് പുലർത്താനുള്ള സർവകലാശാലയുടെ ശ്രമങ്ങൾക്ക് ഈ ടൂർണമെന്റ് ഊർജ്ജം പകരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കായിക മേഖലയ്ക്ക് സർക്കാർ ഗൗരവമായ ശ്രദ്ധ നൽകുന്നതിനു തെളിവാണ് കായിക അടിസ്ഥാന സൗകര്യ വികസനത്തിൽ നടത്തുന്ന നിക്ഷേപങ്ങൾ. കായിക മന്ത്രാലയത്തിനു കീഴിലുള്ള സ്‌പോർട്‌സ് കൗൺസിലിന്റെ സഹായത്തോടെ, സർവകലാശാലകളിലും കോളജുകളിലും കേരളം കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയാണ്. ടീം ഇവന്റുകൾ, ഗെയിമുകൾ, അത്ലറ്റിക്സ് എന്നിവ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു കൂടുതൽ ശ്രദ്ധ നേടേണ്ടതുണ്ട്. ഇതിലൂടെ ഇന്ത്യയുടെ ത്രിവർണ പതാക ലോകമെമ്പാടുമുള്ള വേദികളിൽ എത്തിക്കാൻ കഴിയുന്ന മികച്ച കായിക താരങ്ങളെ സൃഷ്ടിക്കേണ്ടതുണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അന്താരാഷ്ട്ര ബാസ്‌ക്കറ്റ് ബോൾ താരവും അർജുന അവാർഡ് ജേതാവുമായ ഗീതു അന്ന ജോസ് മുഖ്യാതിഥിയായി പങ്കെടുത്തു. സർവകലാശാല രജിസ്ട്രാർ പ്രൊഫ. കെ.എസ് അനിൽ കുമാർ, സിൻഡിക്കേറ്റ് അംഗം അഡ്വ. ജി മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.