കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാൻ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നിർദ്ദേശം. നാല് സംസ്ഥാനങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. വായു മലിനീകരണ വിഷയത്തിലെ രാഷ്ട്രീയ കുറ്റപ്പെടുത്തൽ കളി അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു. ഡൽഹിയിലെ വായു മലിനീകരണത്തിൽ ആശങ്ക ഉയരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിർദേശം.പഞ്ചാബ്, ഡൽഹി, യുപി, രാജസ്ഥാൻ സർക്കാരുകളോടാണ് വൈക്കോൽ കത്തിക്കുന്നത് തടയണമെന്ന് നിർദേശിച്ചിട്ടുള്ളത്. കോടതി നിർദേശം നടപ്പാക്കാൻ ഡിജിപിമാരുടെയും ചീഫ് സെക്രട്ടറിയുടെയും മേൽനോട്ടത്തിൽ പ്രാദേശിക എസ്എച്ച്ഒയെ ചുമതലപ്പെടുത്തി. ഇതൊരു രാഷ്ട്രീയ യുദ്ധക്കളമല്ലെന്നും സുപ്രീം കോടതി പറഞ്ഞു.
‘ഇത് (വൈക്കോൽ കത്തിക്കുന്നത്) അവസാനിപ്പിക്കണം. നിങ്ങൾ ഇത് എങ്ങനെ ചെയ്യുമെന്ന് ഞങ്ങൾക്ക് അറിയില്ല, ഇത് നിങ്ങളുടെ ജോലിയാണ്. പക്ഷേ ഇത് നിർത്തണം. ഉടനെ എന്തെങ്കിലും ചെയ്യണം. ഇത് ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നതിന് തുല്യമാണ്. എന്തുകൊണ്ടാണ് നിങ്ങൾക്ക് വൈക്കോൽ കത്തിക്കുന്നത് തടയാൻ കഴിയാത്തത്?’-കോടതി ചോദിച്ചു.