സില്‍വര്‍ലൈനിനെ നമ്മള്‍ പിന്തുണയ്ക്കണമെന്നും സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതികള്‍ ജനങ്ങള്‍ക്ക് ആവശ്യമാണെന്നും ബിജെപി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. ഒരു സ്വകാര്യ വാര്‍ത്താമാധ്യമത്തോടാണ് അദ്ദേഹം കെ റെയിലിനെ നമ്മള്‍ പിന്തുണയ്ക്കണമെന്ന് തുറന്നുപറഞ്ഞത്.
ഏത് പാര്‍ട്ടിയാണ് ചെയ്യുന്നതെന്നോ ആര്‍ക്കാണ് ക്രെഡിറ്റ് പോകുന്നത് എന്നതല്ല വിഷയം. മറിച്ച് അതിലൂടെ ജനങ്ങള്‍ക്ക് എന്ത് ഗുണം ലഭിക്കുന്നു എന്നതാണ് നോക്കേണ്ടതെന്നും ഒ രാജഗോപാല്‍ പറഞ്ഞു.സംസ്ഥാനത്ത് സാമ്പത്തികമായി ഞെരുക്കം ഉണ്ടെന്നത് ശരിയാണെങ്കിലും സര്‍ക്കാരിന്റെ നയപരിപാടികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ചെയ്യുന്നതിനെ എങ്ങനെ കുറ്റം പറയാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കേരളീയത്തേയും അദ്ദേഹം അഭിനന്ദിച്ചു.കേരളീയം നല്ല പരിപാടിയാണെന്നും സത്യം എന്താണെന്ന് അറിയാന്‍ വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന നല്ല കാര്യങ്ങള്‍ അറിയിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ജനങ്ങള്‍ക്ക് നല്ലതാണോ എന്നതാണ് അളവുകോലെന്നും അതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.