കോഴിക്കോട്: കെപിസിസി സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ജമാഅത്തെ ഇസ്ലാമി അടക്കമുളള സംഘടനകളെ ക്ഷണിക്കുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ പ്രവീൺകുമാർ. ഈ മാസം 23ന് കോഴിക്കോട് ആണ് റാലി നടത്തുന്നത്. എൽഡിഎഫിലെയോ എൻഡിഎയിലെയോ കക്ഷികളെ ക്ഷണിക്കില്ല. റാലിയിൽ മുസ്ലീം ലീഗ് നേതാക്കൾ മുഖ്യാതിഥികളാവും. ശശി തരൂരിനെ ക്ഷണിക്കുന്ന കാര്യം കെപിസിസി നേതൃത്വം തീരുമാനിക്കുമെന്നും പ്രവീൺകുമാർ പറഞ്ഞു.
എല്ലാ മതേതര-ജനാധിപത്യ വിശ്വാസികളെയും അണിനിരത്തിയാണ് ഈ മാസം 23 ന് വൈകുന്നേരം 4.30ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലി സംഘടിപ്പിക്കുന്നത്. റാലിയുടെ വിജയത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി കോഴിക്കോട് എംപി എം.കെ.രാഘവന്‍ ചെയര്‍മാനും ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ കണ്‍വീനറുമായ സമിതിക്ക് കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. വന്‍ ജനാവലിയെ അണിനിരത്തി പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി ചരിത്ര സംഭവമായി മാറ്റുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പറഞ്ഞു. നിരപരാധികളായ പലസ്തീന്‍കാരെയാണ് അവരുടെ മണ്ണില്‍ ഇസ്രയേല്‍ അധിനിവേശ ശക്തി കൂട്ടക്കുരുതി നടത്തുന്നത്. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള പലസ്തീന്‍ ജനതയുടെ അവകാശം ഹനിക്കുന്ന ഒരു നടപടിയെയും പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിനാവില്ല.
ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യം ഭരിച്ചപ്പോള്‍ അന്തസ്സോടെയും സമാധനത്തോടെയും ആദരവോടെയും ജീവിക്കാനുള്ള പാലസ്തീന്‍ ജനതയുടെ ഉജ്വലമായ പോരാട്ടത്തിന് പിന്തുണ നല്‍കിയ പാരമ്പര്യമാണുള്ളത്. കേരളത്തില്‍ രാഷ്ട്രീയ നേട്ടത്തിനും തെരഞ്ഞെടുപ്പ് ലാഭത്തിനുമായി പലസ്തീന്‍ ജനതയുടെ ദുര്‍വിധിയെ ദുരുപയോഗം ചെയ്യുന്ന സിപിഎമ്മിന്റെ കപടത തുറന്നുകാട്ടുന്ന വേദി കൂടിയാകും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെന്നും കെപിസിസി അധ്യക്ഷൻ സുധാകരന്‍ വ്യക്തമാക്കി.