കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പിടിവലി. ജോസഫ് വിഭാഗം ജില്ലാ അധ്യക്ഷൻ സജി മഞ്ഞക്കടമ്പിലാണ് സീറ്റിന് അവകാശവാദം ഉന്നയിച്ച് രംഗത്തുവന്നിരിക്കുന്നത്. കോട്ടയം സീറ്റിൽ പരിഗണിക്കാൻ പാർട്ടിയോട് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഇന്നലെ ചേർന്ന യുഡിഎഫ് ഉഭയകക്ഷി ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. സീറ്റ് പാർട്ടിക്ക് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിടിവലിയുണ്ടായിരിക്കുന്നത്. ഇപ്പോൾ പരിഗണിക്കുന്നവരിൽ ഏറ്റവും വിജയസാധ്യതയുള്ള സ്ഥാനാർത്ഥി താനാണെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. മത്സരിക്കാനുള്ള ആഗ്രഹം പി ജെ ജോസഫിനെ അറിയിച്ചുകഴിഞ്ഞതായും സജി മാധ്യമങ്ങളോട് പറഞ്ഞു.കേരളാ കോൺഗ്രസ് പാർട്ടി പിളർന്ന് ജോസഫിന്റെ നേതൃത്വതത്തിൽ പുതിയ പാർട്ടി രൂപീകരിച്ചപ്പോഴും അന്ന് യൂത്ത് ഫ്രണ്ട് പ്രസിഡന്റായിരുന്ന താൻ യുഡിഎഫിനൊപ്പം നിൽക്കുകയായിരുന്നു. പക്ഷെ തനിക്ക് ശേഷം വന്നവർക്കായിരുന്നു സീറ്റ് നൽകിയതെന്നും സജി പറയുന്നു. എന്നാൽ, അന്നത്തെ സാഹചര്യത്തിൽ പാർട്ടി ചെയർമാൻ അതിന് നിർബന്ധിതനായിരിക്കാമെന്നും മനപ്പൂർവം മാറ്റി നിർത്തിയതാകില്ലെന്ന് കരുതുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വരും കാലങ്ങളിൽ വേണ്ട രീതിയിലുള്ള തീരുമാനങ്ങൾ എടുത്തുകൊള്ളാമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ജോസഫിൽ വിശ്വാസമുണ്ടെന്നും സജി പറഞ്ഞു.
ഫ്രാൻസിസ് ജോർജിന് അയോഗ്യതയുണ്ടെന്ന് ഒരിക്കലും കരുതുന്നില്ല. അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെന്ന് ഓർമിപ്പിച്ച സജി മഞ്ഞക്കടമ്പിൽ. കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിച്ച ആളുകളെ മാറ്റി നിർത്തി മറ്റൊരാളെ പരിഗണിച്ചാൽ തനിക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.