കോഴിക്കോട്: ഗോഡ്സെയെ പ്രകീര്‍ത്തിച്ചുള്ള കമന്‍റ് ഫേസ്ബുക്കില്‍ ഇട്ട എന്‍ഐടി അധ്യാപികയ്ക്ക് എതിരെ പ്രതിഷേധവുമായി എന്‍ഐടി സ്റ്റുഡന്‍റ് അഫയേഴ്സ് കൗണ്‍സില്‍. അധ്യാപിക ഷൈജ ആണ്ടവനെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് സ്റ്റുഡന്‍റ് അഫയേഴ്സ് കൗണ്‍സില്‍ എന്‍ഐടി ഡയറക്ടറോട് ആവശ്യപ്പെട്ടു. എന്‍ഐടിയിലെ വിദ്യാര്‍ത്ഥികളുടെ തെരഞ്ഞെടുക്കപ്പെട്ട ബോഡിയാണ് സ്റ്റുഡന്‍റ് അഫയേഴ്സ് കൗണ്‍സില്‍. ഇതിനിടെ,അധ്യാപികയുടെ വിശദാംശങ്ങള്‍ തേടി കുന്നമംഗലം പൊലീസ് എന്‍ഐടി രജിസ്ട്രാര്‍ക്ക് നോട്ടീസ് നല്‍കി. അടുത്ത ദിവസം ഇവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കാനാണ് നീക്കം. അധ്യാപികയോട് ഇതുവരെ എന്‍ഐടി അധികൃതര്‍ വിശദീകരണം തേടിയിട്ടില്ല. ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി എന്‍ഐടിയിലേക്ക് മാര്‍ച്ച് നടത്തി.