ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കാൻ 25,000 രൂപയുടെ നാണയങ്ങളുമായി സ്വതന്ത്ര സ്ഥാനാർത്ഥി. മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയായ വിനയ് ചക്രവർത്തിയാണ് നാണയങ്ങളുമായി ബുധനാഴ്ച കളക്ടറുടെ ഓഫീസിലെത്തിയത്. 10, 5, 2 രൂപ നാണയങ്ങളുമായാണ് ഇദ്ദേഹം ഓഫീസിലെത്തിയത്.
കളക്ടറുടെ ഓഫീസിൽ ഡിജിറ്റൽ, ഓൺലൈൻ പേയ്‌മെൻ്റ് സൗകര്യം ഇല്ലാത്തതാണ് ഇത്തരമൊരു പേയ്‌മെൻ്റ് രീതി തിരഞ്ഞെടുക്കാൻ കാരണമെന്ന് ചക്രവർത്തി പിടിഐ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിനയ് ചക്രവർത്തി കെട്ടിവയ്ക്കാനുള്ള തുകയായി നാണയങ്ങൾ അടച്ച വിവരം ജബൽപൂർ ജില്ലാ റിട്ടേണിംഗ് ഓഫീസറും കളക്ടറുമായ ദീപക് കുമാർ സക്‌സേന സ്ഥിരീകരിച്ചു. സ്ഥാനാർത്ഥി നാണയങ്ങളായി നൽകിയ പണം കൈപ്പറ്റി, രസീത് അദ്ദേഹത്തിന് നൽകിയതായും സക്സേന പറഞ്ഞു.