ഉരുൾപൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏഴുദിവസം മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 23, 24,25,26 തീയതികളിൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഉരുൾപൊട്ടലിനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. മുന്നറിയിപ്പ് സംവിധാനത്തെ ചോദ്യം ചെയ്തതുകൊണ്ടാണ് ഇക്കാര്യം അറിയിക്കുന്നത്. ഈ മുന്നറിയിപ്പ് സംവിധാനത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരാൾ പോലും മരിക്കാതെ കൈകാര്യം ചെയ്ത മുൻ അനുഭവങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.മുന്നറിയിപ്പ് സംവിധാനത്തിനായി കേന്ദ്രസർക്കാർ 2000 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. ഈ മുന്നറിയിപ്പ് സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ തന്റെ നിർദ്ദേശാനുസരണം ആണ് എൻ ഡി ആർ എഫിനെ വിന്യസിച്ചത്. 9 ടീമുകളെ വിന്യസിച്ചിരുന്നു. ഉരുൾപൊട്ടൽ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അയച്ചതെന്ന് അമിത് ഷാ പറഞ്ഞു.കേരള സർക്കാർ എന്ത് ചെയ്തു എന്ന് അമിത് ഷാ ചോദിച്ചു. കേരളം എന്തുകൊണ്ട് അപകട മേഖലയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചില്ല എന്നും അദ്ദേഹം ചോദിച്ചു.ആളുകളെ നേരത്തെ ഒഴിപ്പിച്ചിരുന്നെന്ന് ജോൺ ബ്രിട്ടാസ് എംപി മറുപടി നൽകി. ഒഴിപ്പിച്ചിരുന്നെങ്കിൽ ആളുകൾ എങ്ങനെ മരിച്ചു എന്ന് അമിത് ഷാ തിരച്ച് ചോദിച്ചു. 7 ദിവസം മുമ്പ് മുന്നറിയിപ്പ് നൽകാൻ കഴിയുന്ന നാല് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ദുരന്ത സാഹചര്യത്തിൽ രാഷ്ട്രീയത്തിന് അതീതമായി കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തെ വേദന അറിയിക്കുന്നുവെന്ന് അമിത് ഷാ അറിയിച്ചു.
We one kerala
Nm