കിട്ടുന്ന ഇടവേളകളിലെല്ലാം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ റഷ്യക്കാരെ ഉപദേശിച്ച് പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍.
യുക്രൈന്‍ യുദ്ധം ആരംഭിച്ച ശേഷം രാജ്യത്ത് ജനസംഖ്യ താഴേക്ക് പോയിരുന്നു. യുവാക്കളില്‍ 10 ലക്ഷത്തോളം പേര്‍ രാജ്യം വിട്ടത് ഇതിന് ആക്കം കൂട്ടി. ഇതോടെയാണ് റഷ്യന്‍ സര്‍ക്കാര്‍ യുവാക്കളോട് കുട്ടികളെ കുറിച്ച് ബോധവത്കരിക്കുന്നത്.
ജോലി കുട്ടികളെ ഉണ്ടാക്കുന്നതില്‍ ഒരു തടസമായി മാറരുതെന്നാണ് റഷ്യയിലെ ആരോഗ്യ മന്ത്രി ഡോ. യെവനി ഷെസ്‌തോപലോവ് പറഞ്ഞത്. ഉച്ചഭക്ഷണത്തിന്റെയും ചായ കുടിക്കാനും എടുക്കുന്ന ഇടവേളകളില്‍ വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് മന്ത്രി നിര്‍ദ്ദേശിക്കുന്നത്. മെട്രോ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്ത് ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനുള്ള തീവ്ര പരിശ്രമത്തിലാണ് റഷ്യ. 18 നും 40 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൗജന്യ ഫെര്‍ടിലിറ്റി പരിശോധനയടക്കം രാജ്യത്ത് നടത്തുന്നുണ്ട്. ചെല്യാബിങ്ക് പ്രവിശ്യയില്‍ 24 വയസില്‍ താഴെയുള്ള യുവതികള്‍ക്ക് 1.02 ലക്ഷം റൂബിള്‍ (9.40 ലക്ഷം രൂപ) ആദ്യ പ്രസവത്തിന് നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ റഷ്യയില്‍ ജനന നിരക്ക് കാല്‍ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ജനുവരി മുതല്‍ ജൂണ്‍ വരെ 599600 കുട്ടികളാണ് രാജ്യത്ത് ജനിച്ചത്. 2023 നെ അപേക്ഷിച്ച് 16000 ത്തോളം കുട്ടികള്‍ കുറഞ്ഞു. ഇത് രാജ്യത്തെ ഭാവിയില്‍ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് ഭരണകൂടത്തിന്റെ ആശങ്ക.