പെൻഷൻ അപേക്ഷകൾ തീർപ്പാക്കുന്നതിൽ ഉപേക്ഷ കാണിക്കുന്ന ഉദ്യോഗസ്ഥർ ഇനി കുടുങ്ങും. സാമൂഹ്യ, സുരക്ഷാ പെൻഷൻ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം അർഹതപ്പെട്ടവർക്ക് പെൻഷൻ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കുന്നില്ലെന്ന പരാതി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.
ഒരു പെൻഷൻ അപേക്ഷ ലഭിച്ചാൽ അപേക്ഷയിൽ കാണിച്ചിട്ടുള്ള വിവരങ്ങളുടെ നിജസ്ഥിതിയെപ്പറ്റി അന്വേഷിച്ച് ബോധ്യപ്പെടേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. അർഹതയുള്ള കേസുകളിൽ നിശ്ചിത ഫാറത്തിൽ അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം പെൻഷൻ അനുവദിക്കേണ്ടതുണ്ട്. ഇതിൽ അപേക്ഷകൻ പെൻഷന് അർഹനല്ല എന്ന് കണ്ടാൽ അയാൾക്ക് 15 ദിവസത്തെ നോട്ടീസ് നൽകണം. അപേക്ഷകന്റെ വാദം കേൾക്കുകയും വേണം. ഇതിനു ശേഷം മാത്രമേ അപേക്ഷയിൻമേൽ തീർപ്പ് കൽപ്പിക്കാൻ പാടുള്ളൂ എന്ന് ഉത്തരവ് വ്യക്തമാക്കി.അപേക്ഷ നിരസിക്കുകയാണെങ്കിൽ അതിന്റെ കാരണങ്ങൾ ഉദ്യോഗസ്ഥൻ അപേക്ഷകന് രേഖാമൂലം വ്യക്തമാക്കി നൽകേണ്ടതുണ്ട്. പെൻഷനുള്ള അപേക്ഷകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി അന്വേഷണ റിപ്പോർട്ട് പഞ്ചായത്ത് നഗരസഭാ സമിതി പരിഗണിക്കണം. ഇതിൽ ആനുകൂല്യത്തിന് അർഹതയുണ്ടെങ്കിൽ പരമാവധി 40 ദിവസത്തിനകം പെൻഷൻ അനുവദിക്കണം. എന്നാൽ പെൻഷൻ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യം പലയിടത്തും നിലനിൽക്കുകയാണ്. ഇങ്ങനെ അന്വേഷണം നടത്തേണ്ട ഉദ്യോഗസ്ഥൻ വൈകിപ്പിച്ചാൽ അതിനെതിരെ കർശനമായ നടപടി വരുമെന്നാണ് ഉത്തരവ് പറയുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ പെൻഷൻ അപേക്ഷകൾ തീർപ്പാക്കുന്നതിൽ അനാവശ്യ കാലതാമസം വരുത്തുന്ന ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും അനുസരിച്ച് കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് കർശന നിർദേശം സർക്കാർ നൽകി.





0 Comments