ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ഇനി മുതൽ സ്വകാര്യബസ്സിൽ ജോലി ലഭിക്കില്ല




കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ടവരെ സ്വകാര്യ ബസുകൾ ഉള്‍പ്പെടെ സ്റ്റേജ് കാരേജുകളില്‍ ജീവനക്കാരായി നിയമിക്കാന്‍ പാടില്ലെന്ന നിര്‍ദേശം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ഡോര്‍ അറ്റന്‍ഡര്‍മാര്‍ തുടങ്ങിയ ജീവനക്കാര്‍ക്ക് 12 തരം കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. എല്ലാ ബസ് ഓപ്പറേറ്റര്‍മാരും മേയ് 31-നകം ജീവനക്കാരുടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ജില്ലാ ആര്‍ടി ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പോലീസ് ക്ലിയറന്‍സ് വേണമെന്ന നിബന്ധന മുന്നോട്ട് വച്ചത്. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനൊപ്പം ജീവനക്കാരുടെ ഡ്രൈവിങ്, കണ്ടക്ടര്‍ ലൈസന്‍സുകള്‍, ആധാറിന്റെ പകര്‍പ്പ്, ക്ഷേമനിധി രശീതിന്റെ പകര്‍പ്പ് എന്നിവയും ആര്‍ ടി ഒയ്ക്ക് സമര്‍പ്പിക്കേണ്ടത്. ബസില്‍ സഞ്ചരിക്കുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കല്‍ ലക്ഷ്യമിട്ടാണ് നടപടി. ഗുരുതര സ്വഭാവമുള്ള കേസുകളിൽ ഉള്‍പ്പെട്ടവരെ ബസില്‍ ചുമതലപ്പെടുത്തില്ല. സ്ഥലം അതിര്‍ത്തി തര്‍ക്കം, കുടുംബ കോടതി വ്യവഹാരങ്ങള്‍, രാഷ്ട്രീയ ജാഥകളുടെ പേരിലുള്ള കേസുകള്‍, സിവില്‍ കേസുകള്‍ എന്നിവയില്‍ ഉള്‍പ്പെട്ടവരെ ജീവനക്കാരായി നിയമിക്കുന്നതിന് തടസ്സമില്ല. ബസിലെ ജീവനക്കാരന്‍ മാറുക ആണെങ്കില്‍ ആര്‍ ടി ഒയെ അറിയിക്കണം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് ഇടയ്ക്കിടെ പരിശോധന നടത്തും. വകുപ്പിന് കൈമാറിയ ജീവനക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ നോട്ടീസ് നല്‍കുകയും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം നടപടി എടുക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01