ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഇംഗ്ലണ്ടിനെതിരായ സെമി പോരില്‍ ടീമില്‍ നിര്‍ണായക മാറ്റം?, ഇന്ത്യയുടെ സാധ്യതാ ഇലവന്‍


മുംബൈ: 
ടി20 ലോകകപ്പിലെ സെമി പോരാട്ടത്തില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മലയാളി താരം സഞ്ജു സാംസണ്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ വെടിക്കെട്ട് പ്രകടനത്തോടെ ടീമിലെ ഓപ്പണര്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ അഭിഷേക് ശര്‍മ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആറ് മത്സരങ്ങളിൽ നിന്ന് വെറും 13.33 ശരാശരിയില്‍ 80 റണ്‍സ് മാത്രമുള്ള അഭിഷേക് മോശം ഫോമിലാണെങ്കിലും നാളെ ഇംഗ്ലണ്ടിനെതിരെ പുറത്തിരുത്താന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍. ഇംഗ്ലണ്ടിനെതിരെ അഭിഷേകിനുള്ള മികച്ച റെക്കോര്‍ഡിും വാംഖഡെയില്‍ കഴിഞ്ഞ വര്‍ഷം അഭിഷേക് സെഞ്ചുറി നേടിയിരുന്നുവെന്നതും ടീം മാനേജ്മെന്‍റ് കണക്കിലെടുക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ഓപ്പണര്‍മാരായി അഭിഷേകും സഞ്ജുവും തന്നെ നാളെ കളത്തിലിറങ്ങും. അഭിഷേകിനെ പൂട്ടാന്‍ വില്‍ ജാക്സിനെയും സഞ്ജുവിനെ വീഴ്ത്താന്‍ ജോഫ്ര ആര്‍ച്ചറെയുമാവും ഇംഗ്ലണ്ട് പവര്‍ പ്ലേയില്‍ നിയോഗിക്കുക എന്നാണ് കരുതുന്നത്. ഇവരുടെ ഭീഷണി മറികടക്കുക എന്നതാവും ഇന്ത്യൻ ഓപ്പണര്‍മാരുടെ പ്രധാന വെല്ലുവിളി. മൂന്നാം നമ്പറില്‍ ഇഷാൻ കിഷനും നാലാമനായി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും എത്തുമ്പോള്‍ ഐപിഎല്ലിലെ ഹോം ഗ്രണ്ടില്‍ തിലക് വര്‍മക്ക് ഒരിക്കല്‍ കൂടി ഫിനിഷറാവാനായിരിക്കും നിയോഗം. ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും അടങ്ങുന്നതായിരിക്കും ഇന്ത്യയുടെ ബാറ്റിംഗ് നിര. ഓള്‍ റൗണ്ടറായി അക്സര്‍ തുടരുമ്പോള്‍ സ്പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിക്ക് പകരം കുല്‍ദീപ് യാദവിനെ പരിഗണിക്കുമോ എന്നും കണ്ടറിയണം. സൂപ്പര്‍ 8 മത്സരങ്ങളില്‍ വരുണിനെ തിളങ്ങനാനാത്തതും റിസ്റ്റ് സ്പിന്നര്‍മാര്‍ക്കെതിരെ ഇംഗ്ലണ്ടിനുള്ള ബലഹീനതയും കുല്‍ദീപിന്‍റെ സാധ്യത കൂട്ടുന്നു. പേസര്‍മാരായി ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും കളിക്കുമ്പോള്‍ മുഹമ്മദ് സിറാജ് ഒരിക്കല്‍ കൂടി പുറത്തിരിക്കേണ്ടിവരും. സിറാജിന് പുറമെ വാഷിംഗ്ടണ്‍ സുന്ദറിനും നാളെ പ്ലേയിംഗ് ഇലവനില്‍ ഇടമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ഇംഗ്ലണ്ടിനെതിരായ സെമി പോരാട്ടത്തിനുള്ള ഇന്ത്യയുടെ സധ്യതാ ടീം: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റൻ), തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി/ കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.



Post a Comment

أحدث أقدم

AD01