യുഡിഎഫ് സർക്കാർ ബിജെപിയുടെ രാഷ്ട്രീയം നടപ്പിലാക്കുന്നുവെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. ബിജെപി ഉയർത്തുന്ന വർഗീയ രാഷ്ട്രീയം യുഡിഎഫ് സർക്കാർ ഗവൺമെന്റ് സ്പോൺസേർഡ് ആയി നടപ്പിലാക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ബിജെപിക്കെതിരെയുള്ള പ്രതിരോധത്തിൽ യുഡിഎഫിന് ആത്മാർത്ഥതയില്ലെന്നും ഒരു ബിജെപി സർക്കാർ കേരളത്തിൽ സ്വീകരിക്കുന്ന നിലപാടുകളാണ് ഇപ്പോൾ യുഡിഎഫ് സ്വീകരിക്കുന്നതെന്നും റിയാസ് ചൂണ്ടിക്കാട്ടി. വഖഫ് വിഷയത്തിലെ നിലപാട് മാറ്റത്തെയും അദ്ദേഹം വിമർശിച്ചു. വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാടിൽ നിന്നും, നേരത്തെ നിയമസഭയിൽ എൽഡിഎഫ് പ്രമേയം കൊണ്ടുവന്നപ്പോൾ യുഡിഎഫ് എടുത്ത നിലപാടിൽ നിന്നും സർക്കാർ പിന്നോക്കം പോയിരിക്കുന്നതായി റിയാസ് പറഞ്ഞു. ബിജെപിയെ സഹായിക്കുന്ന തീരുമാനമാണ് യുഡിഎഫ് ഈ വിഷയത്തിൽ എടുത്തത് എന്നും അദ്ദേഹം പറഞ്ഞു. സമുന്നതനായ ഒരു എബിവിപി നേതാവിനെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിനെ ചോദ്യം ചെയ്തപ്പോൾ മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകിയില്ലെന്നും ഇരട്ടത്താപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നടപടി സ്വന്തം സംഘടനയായ കെഎസ്‌യുവിനെപ്പോലും ബോധ്യപ്പെടുത്താൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും സർക്കാരിന്റെ ഈ പോക്കിൽ കെപിസിസി ഭാരവാഹികൾക്കും യൂത്ത് കോൺഗ്രസിനും കെഎസ്‌യുവിനും കടുത്ത അതൃപ്തിയുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി കെഎസ്‌യു സംസ്ഥാന പ്രസിഡന്റിനെ അവഗണിച്ചതും ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ സംഘടനയ്ക്കുള്ള പരാതിയും ആഭ്യന്തര വകുപ്പിലെ പ്രശ്നങ്ങളും ഭരണത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നും വെറും 50 ദിവസത്തെ ഭരണം കൊണ്ട് തന്നെ സർക്കാർ ബിജെപി ആഗ്രഹിക്കുന്നതിനേക്കാൾ വേഗതയിൽ അവരുടെ രാഷ്ട്രീയം നടപ്പിലാക്കുകയാണെന്നും റിയാസ് കൂട്ടിച്ചേർത്തു. ഇത് മതനിരപേക്ഷ ചിന്താഗതിയുള്ളവർക്ക് വലിയ പ്രയാസമുണ്ടാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.





0 Comments