കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ , ഏകപ്രതി ഡോ.എം.കെ.റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് കോടതി. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന് രണ്ട് നീതിയെന്നും, പ്രതിയെ പിടിക്കാത്തതില്‍ ഉത്തരവാദി എഡിജിപി എച്ച്.വെങ്കിടേഷെന്നും കോടതി ചൂണ്ടിക്കാട്ടി.പരാതി വന്നാല്‍ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജസ്റ്റിസ് എ.ബദറുദ്ദീന്‍ വ്യക്തമാക്കി. അതൃപ്തി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാനും ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ട്. ബോഡി ബില്‍ഡര്‍മാരുടെ നിയമന വിഷയം പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.ഡോ. എം കെ റാം ഒളിവിലുണ്ടെന്ന് കരുതുന്ന ആന്ധ്രയിലെ ചിറ്റൂരില്‍ ക്രൈംബ്രാഞ്ച് സംഘം എത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ കൃത്യം സ്ഥലം കണ്ടെത്താനും കഴിഞ്ഞില്ല. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പേര്‍ ഇന്ന് ചിറ്റൂരിലേക്ക് തിരിക്കും. മുന്‍കൂര്‍ ജാമ്യ അപേക്ഷ സുപ്രീം കോടതിയും തള്ളിയതോടെ ഡോക്ടര്‍ റാം അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിക്കുമെന്ന സൂചനയുമുണ്ട് . കേസില്‍ പ്രതിയായിരുന്ന മറ്റൊരു അധ്യാപിക ഡോക്ടര്‍ സംഗീത നമ്പ്യാര്‍ക്ക് നേരത്തെ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. റാമിനെ ഇതുവരെ പിടികൂടാന്‍ സാധിക്കാത്തത് ക്രൈം ബ്രാഞ്ച് അന്വേഷണസംഘത്തിന്റെ അനാസ്ഥ കാരണം ആണെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഏപ്രില്‍ 10നാണ് മെഡിക്കല്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് നിതിന്‍ രാജ് ചാടി മരിച്ചത്. സംസ്ഥാന ക്രൈം ബ്രാഞ്ച് എസ് പി കെ വി വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ ഉള്ള സംഘമാണ് കെസ് അന്വേഷിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് ഏപ്രില്‍ 30നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.






0 Comments