ന്യൂഡൽഹി: ഇന്ത്യയിൽ മുൻപുണ്ടായിരുന്ന സമാധാനം ഇപ്പോൾ അനുഭവപ്പെടുന്നില്ലെന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത്. ശേഖർ സുമൻ്റെ 'ശേഖർ ടുനൈറ്റ്' എന്ന പരിപാടിയിലെ ഗാന്ധിജയന്തി പ്രത്യേക എപ്പിസോഡിലാണ് സഞ്ജയ് ദത്ത് രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് പ്രതികരിച്ചത്. രാജ്യത്ത് വീണ്ടും സമാധാനത്തിന്റെ നാളുകൾ തിരിച്ചെത്തട്ടെയെന്ന് പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'നമ്മുടെ രാജ്യത്തെ ജനങ്ങൾ വളരെ സ്നേഹമുള്ളവരാണ്. ഇവിടെ സമാധാനം നിലനിൽക്കണം. എന്നാൽ ഇപ്പോൾ നമ്മുടെ രാജ്യത്ത് ആ സമാധാനം എനിക്ക് അനുഭവപ്പെടുന്നില്ല. ഇന്ത്യക്കാർ വിശാലമനസ്‌കരും ആതിഥ്യമര്യാദയുള്ളവരുമാണ്. എന്നും അങ്ങനെ തന്നെ തുടരുകയും വേണം. ആ ദിവസങ്ങൾ എത്രയും വേഗം തിരിച്ചുവരണമേയെന്ന് ഞാൻ പ്രാർഥിക്കുന്നു' -സഞ്ജയ് ദത്ത് പറഞ്ഞു. പരിപാടിയുടെ ഭാഗമായി അഞ്ച് മിനിറ്റ് നേരത്തേക്ക് സ്വയം പ്രധാനമന്ത്രിയായി സങ്കൽപ്പിച്ച് സംസാരിക്കാൻ ആവശ്യപ്പെട്ടിരുന്നു. സഞ്ജയ് ദത്ത് തൻ്റെ ജനപ്രിയ കഥാപാത്രമായ 'മുന്നാഭായി'യുടെ ശൈലിയിലാണ് സംസാരിച്ചത്. പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ പൊതുസ്ഥലങ്ങളിലും സർക്കാർ സംവിധാനങ്ങളിലും അമിതമായി ഉപയോഗിക്കുന്നതിനെ അദ്ദേഹം പരിഹസിച്ചു. പ്രധാനമന്ത്രിയുടെ ചിത്രങ്ങൾക്ക് പകരം മഹാത്മാഗാന്ധിയുടെ ആശയങ്ങൾക്ക് പ്രാധാന്യം നൽകണമെന്നായിരുന്നു താരത്തിൻ്റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളെയും സഞ്ജയ് ദത്ത് പരോക്ഷമായി പരിഹസിച്ചു. താൻ പ്രധാനമന്ത്രിയായാൽ സന്തോഷം ആഘോഷിക്കാൻ വിദേശത്തേക്ക് പോകില്ലെന്നും ജനങ്ങൾക്കിടയിൽ തന്നെ തുടരുമെന്നും 'മുന്നാഭായി' ശൈലിയിൽ അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെയും സഞ്ജയ് ദത്ത് വിമർശിച്ചു. ലോകത്ത് ഇപ്പോൾ തന്നെ ആവശ്യത്തിലേറെ മിസൈലുകളുണ്ട്. സംഘർഷങ്ങൾക്ക് പകരം സ്നേഹവും ഗാന്ധിഗിരിയും സ്വീകരിക്കണം. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭീഷണിക്ക് പകരം ചർച്ചകൾ നടക്കണമെന്നും ട്രംപിനെ 'ഗാന്ധിഗിരി' പഠിപ്പിക്കണമെന്നും 'മുന്നാഭായി'യുടെ ശൈലിയിൽ സഞ്ജയ് ദത്ത് പറഞ്ഞു.