ട്രെയിനുകൾ കേന്ദ്രീകരിച്ച് കൊള്ള നടത്തുന്ന മോഷ്ടാവ് കോട്ടയത്ത് പിടിയിൽ. അസം സ്വദേശിയായ യുവാവിനെ റെയിൽവേ പൊലീസാണ് പിടികൂടിയത്. ലാപ്ടോപ്പ്, മൊബൈൽ ഫോൺ , കഞ്ചാവ് എന്നിവ ഉൾപ്പെടെ മോഷ്ടാവിൽ നിന്നും കണ്ടെടുത്തു. ഐ ഫോൺ ഉൾപ്പെടെ 14 മൊബൈൽ ഫോണുകൾ, ലാപ്ടോപ് 680 ഗ്രാം കഞ്ചാവ് എന്നിവയുമായാണ് അസം സ്വദേശി ദിൽഗാർ ഹുസൈൻ റെയിൽവേ പൊലീസിൻ്റ വലയിലായത്.
കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക്സ് ത്രാസും പിടിച്ചെടുത്തു. കോട്ടയം സ്റ്റേഷനിൽ ബുധനാഴ്ച്ച ഉച്ചയോടെയാണ് ദിൽഗാർ പിടിയിലായത്. യാത്രക്കാരെയും റെയിൽവേ സ്റ്റേഷനിൽ കിടന്നു ഉറങ്ങുന്നവരെയും ലക്ഷ്യമിട്ടായിരുന്നു മോഷണം. പ്രതി കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. ഇയാളെ വ്യാഴാഴ്ച്ച കോടതിയിൽ ഹാജരാക്കും. മറ്റൊരു സംഭവത്തിൽ, വർക്കലയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. വർക്കല തച്ചോട് പട്ടരുമുക്ക് എസ്എസ് ലാൻഡിൽ 25 വയസുള്ള ആകാശ് ആണ് റൂറൽ ഡാൻസാഫ് ടീമിന്‍റെ പിടിയിലായത്. ദിവസങ്ങളായി റൂറൽ ഡാൻസ് ടീമിൻറെ നിരീക്ഷണത്തിലായിരുന്ന പ്രതി മയക്കുമരുന്നുമായി വിൽപ്പനയ്ക്ക് ഇരുചക്ര വാഹനത്തിൽ പോകവേയാണ് ഡാൻസാഫ് ടീം വളഞ്ഞ് ബലപ്രയോഗത്തിലൂടെ പിടികൂടിയത്.
തുടർ നിയമനടപടികൾക്കായി അയിരൂർ പൊലീസിന് പ്രതിയെ കൈമാറി. കോളനികൾ കേന്ദ്രീകരിച്ചുള്ള വിൽപ്പനയ്ക്കായി കൊണ്ടു പോയ 2.1 ഗ്രാം എം ഡി എം എ പ്രതിയിൽ നിന്നും പിടിച്ചെടുത്തത്. കൂടുതൽ മയക്കുമരുന്ന് ശേഖരത്തെ കുറിച്ചുള്ള വിവരങ്ങൾക്കായി പൊലീസ് പ്രതിയെ ചോദ്യം ചെയ്തു വരുകയാണ്.
إرسال تعليق