‘സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ നമ്പര്‍ വണ്ണാണെന്ന് പറയുന്ന കേരളത്തിലാണിത് നടക്കുന്നത്’ : പത്തനംതിട്ട പീഡനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തി കെ സുരേന്ദ്രന്‍


പത്തനംതിട്ട പോക്സോ കേസുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് എതിരെ പീഡനം നടക്കുന്നുവെന്നും മറ്റൊരു സംസ്ഥാനത്തും ഇത്രയധികം ക്രൈം നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടികജാതി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടി ഇത്രയും ഭീകരമായി കേരളത്തില്‍ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങളോളം കൊണ്ട് നടന്ന് ഉന്നതരായ വ്യക്തികള്‍ അവരെ ഉപദ്രവിച്ചിരിക്കുകയാണ്. കേരളത്തിലാണ് ഇത് നടക്കുന്നത്. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ നമ്പര്‍ വണ്ണാണെന്നും ബോച്ചെയെ പിടിച്ചു എന്നൊക്കെ പറയുന്ന ആളുകളുണ്ട്. എവിടെയായിരുന്നു കേരളത്തിലെ അന്വേഷണ ഏജന്‍സി. ദേശീയ വനിതാ കമ്മീഷനും പ്രധാനമന്ത്രിയുടെ ഓഫീസുമൊക്കെ അറിഞ്ഞതിന് ശേഷമാണ് കേരളപൊലീസ് അറിഞ്ഞത് – അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തര്‍ക്കവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസില്‍ ആറു മുഖ്യമന്ത്രിമാരുണ്ട്. തെരഞ്ഞെടുപ്പിന് ഒന്നര കൊല്ലം മുന്‍പേ ഇങ്ങനെ പോയാല്‍ എന്താകും ഗതി. സമുദായ സംഘടനകള്‍ എന്ത് ചെയ്തിട്ടും കാര്യമില്ല. കോണ്‍ഗ്രസിന്റെ വിനാശത്തിലേക്ക് പോകും – അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടിക്ക് നേരെയുണ്ടായ പീഡനത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകും. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഇന്ന് പതിമൂന്ന് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഇരുപതായി. പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.



Post a Comment

أحدث أقدم

AD01