പകുതിവില തട്ടിപ്പ് കേസ്; ഇനി പൊലീസ് ക്ലിയറന്‍സ് ലഭിക്കാതെ പരിപാടിക്ക് പോകില്ല: വി ശിവന്‍കുട്ടി


തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. ഇനി പൊലീസ് ക്ലിയറന്‍സ് ലഭിക്കാതെ പരിപാടിക്ക് പോകില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ പരിപാടിയില്‍ പങ്കെടുത്ത് പ്രതി അനന്തുകൃഷ്ണനെ ശിവന്‍കുട്ടി പ്രശംസിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം നജീബ് കാന്തപുരം എംഎല്‍എ പുറത്ത് വിട്ടിരുന്നു. പകുതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തിരുന്നു. കോണ്‍ഫെഡറേഷന്റെ രണ്ട് പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ആനന്ദകുമാര്‍ ക്ഷണിച്ചിട്ടാണ് ഓഫീസ് ഉദ്ഘാടനത്തിന് പോയത്. പുത്തരിക്കണ്ടത്ത് സ്‌കൂട്ടര്‍ നല്‍കുന്ന പരിപാടിയില്‍ പങ്കെടുത്തു. ഈ എന്‍ജിഒയെ വിശ്വസിക്കാന്‍ പറ്റുമോയെന്ന് പരിപാടിയില്‍ പറഞ്ഞിരുന്നുവെന്നും വി ശിവന്‍കുട്ടി മാധ്യമങ്ങളോട് വിശദീകരിച്ചു.'എന്നെ ഈ പരിപാടിക്ക് വിളിച്ചത്, അനന്തുവുമായി നല്ലോണം ബന്ധമുള്ള കക്ഷിയാണ്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറുമായി നല്ല ബന്ധമാണ്. പുതിയ സന്നദ്ധ സംഘടനയെന്ന് പറഞ്ഞാല്‍ പെട്ടെന്ന് പുതിയകാലത്ത് വിശ്വസിക്കാന്‍ പറ്റില്ല. മാധ്യമങ്ങള്‍ അഗ്രസീവാണ്. രാമചന്ദ്രന്‍ സാറും ആനന്ദകുമാര്‍ സാറും നേതൃത്വത്തിലുള്ളതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് അറിയാം', എന്നായിരുന്നു 2023 ആഗസ്റ്റ് 27ന് നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ സംസ്ഥാനതല ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചുകൊണ്ട് ശിവന്‍കുട്ടി പറഞ്ഞത്.



Post a Comment

أحدث أقدم

AD01

 


AD02