ദില്ലി നിയമസഭാ സമ്മേളനത്തിന് തുടക്കമായി; എം എല്‍ എമാർ സത്യപ്രതിജ്ഞ ചെയ്തു


ദില്ലി നിയമസഭാ സമ്മേളനത്തിന് തുടക്കമായി. എം എല്‍ എമാരുടെ സത്യപ്രതിജ്ഞയോടെ സമ്മേളനം ആരംഭിച്ചു. ആം ആദ്മി സര്‍ക്കാരിന്റെ കാലത്തെ സി എ ജി റിപ്പോര്‍ട്ട് സഭയില്‍ അവതരിക്കും. ബി ജെ പി വാഗ്ദാനം ചെയ്ത സ്ത്രീകള്‍ക്കുള്ള ധനസഹായ പദ്ധതി പ്രഖ്യാപിക്കാത്ത വിഷയം സഭയില്‍ ഉയര്‍ത്തുമെന്നു പ്രതിപക്ഷ നേതാവ് അതിഷി വ്യക്തമാക്കി. 27 വര്‍ഷത്തിനു ശേഷം രാജ്യതലസ്ഥാനത്ത് അധികാരത്തിലെത്തിയ ബി ജെ പി സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. ബി ജെ പി. എം എല്‍ എ അരവിന്ദര്‍ സിംഗ് ലവ്ലി പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. തുടര്‍ന്ന് പുതിയ എം എല്‍ എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ നാളെ നിയമസഭയെ അഭിസംബോധന ചെയ്യും. ലെഫ്റ്റനന്റ് ഗവര്‍ണറുടെ നന്ദി പ്രമേയ ചര്‍ച്ചയ്ക്കും സഭ സാക്ഷ്യം വഹിക്കും. ആം ആദ്മി പാര്‍ട്ടിയെ ലക്ഷ്യം വച്ചു കൊണ്ടുള്ള സി എ ജി റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച സഭയെ പ്രക്ഷുബ്ധമാക്കിയേക്കും. അതേസമയം ബി ജെ പി തെരഞ്ഞെടുപ്പ് വാഗ്ദാനമായി ഉയര്‍ത്തിയ സ്ത്രീകള്‍ക്കായുള്ള 2,500 രൂപ ധനസഹായ പദ്ധതി ആദ്യ മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിക്കാത്തതില്‍ ബി ജെ പിക്കെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് അതിഷി നടത്തിയത്. ഇക്കാര്യം നിയമസഭയില്‍ ഉയര്‍ത്തുമെന്നും ആദ്യ ഗഡു മാര്‍ച്ച് 8ന് വാഗ്ദാനം ചെയ്ത ബി ജെ പി വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നും അതിഷി ചൂണ്ടിക്കാട്ടി. ശക്തമായ പ്രതിപക്ഷമായി സഭയില്‍ ഉണ്ടാകുമെന്നും അതിഷി പ്രതികരിച്ചു. ഇന്ന് മുതല്‍ മൂന്ന് ദിവസമാണ് നിയമസഭാ സമ്മേളനം നടക്കുക.

Post a Comment

أحدث أقدم

AD01

 


AD02