കിഫ്ബി റോഡുകളിലെ യൂസര്‍ ഫീ പിരിവിന് പച്ചക്കൊടി കാട്ടി എല്‍ഡിഎഫ് സര്‍ക്കുലര്‍; ഘടകകക്ഷികളുടെ എതിര്‍പ്പ് വകവെച്ചില്ല


ഘടകകക്ഷിക്കളുടെ എതിര്‍പ്പ് അവഗണിച്ച് കിഫ്ബി റോഡുകളിലെ യൂസര്‍ ഫീ പിരിവിനു പച്ചക്കൊടി കാട്ടി എല്‍ഡിഎഫ് സര്‍ക്കുലര്‍. വരുമാനമുണ്ടാക്കി കിഫ്ബിയെ സംരക്ഷിക്കുന്നതിന് നടപടി എടുക്കണമെന്നാണ് ഇടതുമുന്നണിയുടെ സര്‍ക്കുലറില്‍ പറയുന്നത്.നയവ്യതിയാനം ചൂണ്ടിക്കാട്ടി ഇടത് മുന്നണി ഘടകക്ഷികള്‍ എതിര്‍പ്പുന്നയിച്ചിട്ടും എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണ ശാലക്ക് അനുമതി നല്‍കാനും ഇടതു മുന്നണി തീരുമാനിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ കിഫ്ബി റോഡിലെ ടോള്‍ പിരിവ് തിരിച്ചടി ആകുമെന്നായിരുന്നു സിപിഐയുടെ ആശങ്ക.എല്‍ഡിഎഫ് യോഗത്തില്‍ മറ്റു ചില ഘടകകക്ഷികളും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.എന്നാല്‍ ഇതൊന്നും സിപിഐഎം പരിഗണിക്കുന്നതേ ഇല്ലെന്നു സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. വന്‍കിട പദ്ധതികള്‍ വഴി ജനങ്ങള്‍ക്ക് പൊതുവെ ദോഷം ഉണ്ടാക്കാത്ത നടപടികളാണ് കിഫ്ബിക്ക് ആവശ്യമെന്നും, സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഇടതുമുന്നണി നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു ഇടത് മുന്നണിയോഗ ശേഷം കണ്‍വീനറുടെ വിശദീകരണം. മദ്യ നിര്‍മ്മാണ ശാല പാടില്ലെന്ന് സിപിഐയും ആര്‍ജെഡിയും കട്ടായം പറഞ്ഞിട്ടും മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും ചെവിക്കൊണ്ടില്ല. കുടിവെള്ളത്തേയും കൃഷിയേയും ബാധിക്കാതെ മദ്യ നിര്‍മ്മാണ പ്ലാന്റുമായി മുന്നോട്ട് പോകാമെന്നും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. മറ്റെല്ലാ വിവാദ തീരുമാനങ്ങളിലുമെന്ന പോലെ കിഫ്ബി ടോളിലും,ബ്രൂവറി വിഷയത്തിലും മുഖ്യമന്ത്രിയും സര്‍ക്കാരും തീരുമാനിച്ചു മുന്നണി അനുസരിച്ചു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ സര്‍ക്കുലറും.

Post a Comment

أحدث أقدم

AD01