പാര്‍ട്ടി അടിത്തറ ശക്തമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം:കെ സുധാകരന്‍ എംപി


കണ്ണൂര്‍: കോണ്‍ഗ്രസ് അതിന്റെ ശക്തിയെ തിരിച്ചു കൊണ്ടുവരണമെങ്കില്‍ പ്രാദേശിക യൂനിറ്റുകള്‍ ശക്തമാകണമെന്നും അതിനായി പ്രവര്‍ത്തകര്‍ ഒന്നിച്ച് രംഗത്തിറങ്ങണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി ആഹ്വാനം ചെയ്തു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രത്യേക കണ്‍വെന്‍ഷനും വാര്‍ഡ് പ്രസിഡന്റുമാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാനും പൊതുജന സമ്പര്‍ക്കം ദൃഢമാക്കുന്നതിനും വേണ്ടിയാണ്  സി.യു.സി എന്ന പേരില്‍ കമ്മിറ്റി രൂപീകരണമാരംഭിച്ചത്. പക്ഷെ സിയുസി രൂപീകരണം പൂര്‍ണമായില്ല. സാങ്കേതികമായ ചില തടസങ്ങളുണ്ടായി എന്നല്ലാതെ സിയുസിയെ ഉപേക്ഷിച്ചിട്ടില്ല.നേതാക്കള്‍ക്കു അവരവരുടെ പ്രദേശങ്ങളിലെ ജനങ്ങളുമായി നല്ല ബന്ധമുണ്ടാകണം.  പത്തു വീടുകള്‍ ചേര്‍ന്ന ഒരു യൂണിറ്റ്  ഉണ്ടാക്കി ഓരോ വീട്ടിലും മാറി മാറി യോഗം ചേര്‍ന്ന് താഴേത്തട്ടിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം.അത്തരത്തില്‍ പരസ്പരം ചര്‍ച്ച ചെയ്യുകയും സഹകരിക്കുകയും സഹായം ചെയ്യുകയും ചെയ്യുന്ന രീതിയാണ് സി.യു.സി കൊണ്ടു ഉദ്ദേശിക്കുന്നത്.

 കോണ്‍ഗ്രസിന്റെ അടിത്തറ ദൃഢമാക്കുകയാണ് ലക്ഷ്യം. താഴേത്തട്ടിലെ പ്രവര്‍ത്തനം കൂടുതല്‍ കരുത്തുറ്റതാക്കി മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കണം. ജനങ്ങളെ കൂടെ നിര്‍ത്താന്‍ സാധിക്കുന്ന പാര്‍ട്ടിക്കേ നിലനില്‍പ്പുള്ളൂ.  നമുക്ക് ചുറ്റുപാടും ഉള്ള ആളുകളുടെ പ്രശ്നങ്ങള്‍ നമ്മള്‍ അറിയണം. അവര്‍ക്കായി പ്രവര്‍ത്തിക്കണം എങ്കിലേ അവര്‍ നമ്മളോടൊപ്പം ചേരൂ. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി എന്തു കൊണ്ടാണ് ജനങ്ങള്‍ക്കിടയില്‍ വലിയ  വിപ്ലവമായി മാറിയത്. മറ്റൊന്നും കൊണ്ടല്ല സാധാരണക്കാരുടെ പ്രശ്നങ്ങള്‍, അവരുടെ വേദനകള്‍, അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ചു. പാവപ്പെട്ട ജനങ്ങള്‍ക്ക് അത് ആശ്വാസമായി.ഈ ആശ്വാസമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാധാരണക്കാര്‍ക്ക് നല്‍കേണ്ടതെന്ന്  അദ്ദേഹം പറഞ്ഞു. തദ്ദേശഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരാന്‍ പോവുകയാണ്. അപ്പോഴേക്കും പുതിയ മുഖവും പുതിയ ശൈലിയും കോണ്‍ഗ്രസിനുണ്ടാകണം.തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡ് പ്രസിഡന്റുമാരുടെ ഉത്തരവാദിത്തം പ്രധാനമാണ്. ഒരു വാര്‍ഡില്‍ രണ്ടോ മൂന്നോ ബൂത്തുകള്‍ ഉണ്ടാവും. ബൂത്തുകള്‍ക്കും കീഴിലാണ് ഏറ്റവും ചെറിയ യൂണിറ്റായ സി.യു.സി. വാര്‍ഡ് വിഭജനമൊക്കെ ഭരണകക്ഷി പലപ്പോഴും തങ്ങള്‍ക്കനുകൂലമായി വെട്ടിമുറിച്ചാണ് നടപ്പിലാക്കിയത്. പരാതികള്‍ ഏറെയാണ്.അത്തരം കാര്യങ്ങള്‍ ഗൗരവമായി കാണണമെന്നും കെ സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിയെ ഒരു സെമി കേഡര്‍ സംഘടനയാക്കി മാറ്റാനുള്ള ചുവടുവെയ്പു കൂടിയാണിതെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തിൽ നടന്ന കണ്‍വെന്‍ഷനില്‍ ഡിസിസി പ്രസിഡന്റ് അഡ്വ .മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ ചുമതലയുള്ള എ.ഐസി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി സെക്രട്ടറി മന്‍സൂര്‍ അലിഖാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍., ജനറല്‍ സെക്രട്ടറിമാരായ അഡ്വ.സോണി സെബാസ്റ്റ്യന്‍, പി.എം നിയാസ്, രാഷ്ട്രീയകാര്യസമിതിയംഗം അജയ് തറയില്‍,  സജിവ് ജോസഫ് എം.എല്‍.എ, വി.എ നാരായണന്‍,  പി.ടി മാത്യു, അഡ്വ. ടി.ഒ. മോഹനന്‍,പ്രൊഫ. എ ഡി മുസ്തഫ , റിജിൽ മാകുറ്റി,അഡ്വ.റഷീദ് കവ്വായി , ടി ജയകൃഷ്‌ണൻ ,ശ്രീജ മഠത്തിൽ ,വിജിൽ മോഹനൻ ,മധു എരമം ,അതുൽ എം സി   തുടങ്ങിയവര്‍ സംസാരിച്ചു .



*വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരേ ജാഗ്രത വേണം: ദീപാദാസ് മുന്‍ഷി*


കണ്ണൂര്‍: താഴേത്തലത്തില്‍ പ്രവര്‍ത്തനം സജീവമാക്കുന്നതിനൊപ്പം വോട്ടര്‍പട്ടികകളില്‍ ക്രമക്കേടുകളുണ്ടാക്കുന്നതിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിലും അനര്‍ഹരെ ഒഴിവാക്കുന്നതിലും കൃത്യമായ ഇടപെടലുണ്ടാകണം. മഹാരാഷ്ട്രയിലുണ്ടായ അനുഭവം നമ്മുടെ കണ്ണു തുറപ്പിക്കണം. നമ്മെ ഏറെ നിരാശപ്പെടുത്തിയ ഫലമായിരുന്നു മഹാരാഷ്ട്രയിലേത്. തെരഞ്ഞെടുപ്പു തോല്‍വി നമ്മള്‍ കൃത്യമായി പരിശോധിച്ചു. നാലു മാസത്തിനകം 40 ലക്ഷം വോട്ടര്‍മാരെയാണ് അവിടെ ബിജെപി ചേര്‍ത്തത്. കോണ്‍ഗ്രസിന് ലോകസഭാ തെരഞ്ഞെടുപ്പില്‍ നേടിയ അതേ വോട്ട് വിഹിതം നിയമസഭയില്‍ ലഭിച്ചു.ബിജെപിക്ക് അധികവോട്ടിന്റെ ആനുകൂല്യവും ലഭിച്ചു. അതു കൊണ്ട് വോട്ടര്‍പാട്ടികയിലാണ് നമ്മളെപ്പോഴും ശ്രദ്ധിക്കേണ്ടത്.

ദശാബ്ദങ്ങളായി സിപിഎമ്മിനോടു പൊരുതുന്ന കണ്ണൂരിലെ പാര്‍ട്ടിയെ കുറിച്ച് അഭിമാനമേറെയുണ്ടെന്ന് ദീപാ ദാസ് മുന്‍ഷി പറഞ്ഞു.. ബംഗാളിലും ഇതു തന്നെയായിരുന്നു അവസ്ഥ. കേരളത്തില്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നു. ഒരു ഭാഗത്ത് സിപിഎമ്മിനേയും മറുഭാഗത്ത് ആര്‍ എസ് എസിനേയും നമുക്കു നേരിടേണ്ടി വരും. നാടിന്റെ വികസനം സംബന്ധിച്ച കാഴ്ചപ്പാട്, യുവജനങ്ങളെ സംബന്ധിച്ച കാഴ്ചപ്പാടൊക്കെ കോണ്‍ഗ്രസിനാണുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യുവജനങ്ങളെ അവഗണിക്കുകയാണ്. തൊഴിലവസരങ്ങള്‍ കുറയുന്നു. കേന്ദ്രബജറ്റില്‍ കേരളത്തെ കുറിച്ച് ഒന്നുമില്ല. തൊഴിലില്ലായ്മ സംബന്ധിച്ച് ഒരു വാക്കു പോലും ബജറ്റിലില്ല.

തെലങ്കാനയുടെ കൂടി ചുമതല എനിക്കുണ്ട്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ പുറത്തിറക്കിയ രാജ്യത്തെ സാമ്പത്തിക സര്‍വേയില്‍ പണപ്പെരുപ്പം കുറഞ്ഞ സംസ്ഥാനമായി തെലങ്കാനയെ എടുത്തു പറയുന്നു. നമ്മുടെ സര്‍ക്കാര്‍ ഭരിക്കുന്ന തെലങ്കാനയെ കുറിച്ച് അഭിമാനകരമായ കാര്യമാണിതെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു.

Post a Comment

أحدث أقدم

AD01