കാനഡക്കും മെക്‌സിക്കോക്കും വീണ്ടും ട്രംപിന്റെ പണി; സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് കൂടുതല്‍ തീരുവ


വൈറ്റ് ഹൌസിൽ വീണ്ടും എത്തിയത് മുതൽ ആരംഭിച്ച തീരുവ യുദ്ധം ശക്തമാക്കി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. എല്ലാ സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കും 25 ശതമാനം തീരുവ ചുമത്തുമെന്നതാണ് പുതിയ പ്രഖ്യാപനം. ലോഹത്തിൻ്റെ അധിക തീരുവകള്‍ക്ക് പുറമേയാണിത്. വിശദവിവരങ്ങൾ ഈ ആഴ്ച അവസാനം വ്യക്തമാകും.

ന്യൂ ഓര്‍ലിയാന്‍സിലെ എന്‍എഫ്എല്‍ സൂപ്പര്‍ ബൗളിലേക്കുള്ള യാത്രാമധ്യേ ഞായറാഴ്ച എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. അതേസമയം, രാജ്യങ്ങൾ പരസ്പരമുള്ള താരിഫുകള്‍ ചൊവ്വാഴ്ച തന്നെ പ്രഖ്യാപിക്കുമെന്നും അത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പരസ്പര താരിഫുകള്‍ ആരെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയില്ല. കാനഡ, മെക്സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങളാകാനാണ് സാധ്യത.

ഔദ്യോഗിക ഡാറ്റ പ്രകാരം, കാനഡ, ബ്രസീല്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളിൽ നിന്നാണ് യുഎസിലേക്ക് പ്രധാനമായും സ്റ്റീല്‍ ഇറക്കുമതി ചെയ്യുന്നത്. തൊട്ടുപിന്നാലെ ദക്ഷിണ കൊറിയയും വിയറ്റ്‌നാമുമുണ്ട്. അമേരിക്കയിലേക്ക് പ്രാഥമിക അലുമിനിയം ലോഹം വന്‍തോതില്‍ വിതരണം ചെയ്യുന്ന ഏറ്റവും വലിയ രാജ്യമാണ് കാനഡ. 2024 ലെ ആദ്യ 11 മാസങ്ങളിലെ മൊത്തം ഇറക്കുമതിയുടെ 79 ശതമാനവും കാനഡയാണ്. അലുമിനിയം സ്‌ക്രാപ്പിന്റെയും അലുമിനിയം അലോയിയുടെയും പ്രധാന വിതരണക്കാരാണ് മെക്‌സിക്കോ.

Post a Comment

أحدث أقدم

AD01