പകുതി വിലക്ക് ടു വീലര്‍ നല്‍കാമെന്ന് പറഞ്ഞ് സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. തൊടുപുഴ, കുടയത്തൂര്‍ സ്വദേശി അനന്ദു കൃഷ്ണനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റു ചെയ്തത്. കോണ്‍ഗ്രസ് ബി ജെ പി നേതാക്കളുടെ അടുപ്പക്കാരനായ പ്രതി നടത്തിയത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ്. കോര്‍പ്പറേറ്റ് കമ്പനികളുടെ സിഎസ് ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് സ്‌കൂട്ടറും, ലാപ്‌ടോപ്പും മറ്റും നല്‍കാം എന്ന് പറഞ്ഞായിരുന്നു കോടികളുടെ തട്ടിപ്പ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പല കമ്പനികളും ഇക്കാര്യം അറിഞ്ഞിട്ടു പോലും ഉണ്ടായിരുന്നില്ല. മുഖ്യ പ്രതിയായ തൊടുപുഴ കുടയത്തൂര്‍ സ്വദേശി ചൂരകുളങ്ങര വീട്ടില്‍ അനന്ദു കൃഷ്ണനെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മുവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്നു തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഇയാള്‍ 9 കോടി രൂപയോളം മുവാറ്റുപുഴയില്‍ നിന്ന് മാത്രം തട്ടിയെടുത്തു. സംസ്ഥാന വ്യാപകമായി സൊസൈറ്റികള്‍ ഉണ്ടാക്കി ആയിരുന്നു തട്ടിപ്പ്. മുവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്‌മെന്റ് സൊസൈറ്റി എന്ന പേരില്‍ സൊസൈറ്റിയുണ്ടാക്കി. ഇയാള്‍ ഉണ്ടാക്കിയ കണ്‍സല്‍ട്ടന്‍സിയിലേക്ക് സൊസൈറ്റി അംഗങ്ങളെ കൊണ്ട് ടൂ വീലറിനുള്ള പകുതി പണം മുന്‍കൂറായി അടപ്പിച്ചു.
നിരവധി സന്നദ്ധ സംഘടനകളെയും വിശ്വസിപ്പിച്ചു. എറണാകുളം റൂറല്‍ ജില്ല പോലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. കോണ്‍ഗ്രസ്, ബിജെപി നേതാക്കളുമായി അടുപ്പമുണ്ടായിരുന്ന ഇയാള്‍ പ്രമുഖ നേതാക്കള്‍ക്കൊപ്പം എടുത്ത ചിത്രങ്ങളും പ്രചാരണത്തിനായി ഉപയോഗിച്ചു. ഈ തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്ന് സിപിഐഎം ഏരിയാ സെക്രട്ടറി അനീഷ് എം മാത്യു ആവശ്യപ്പെട്ടു.
സംസ്ഥാനത്താകെ സന്നദ്ധസംഘടനകളെയും, മറ്റ് സീഡ് സൊസൈറ്റികളെയും സ്വാധീനിച്ചായിരുന്നു തട്ടിപ്പ്. 62 സീഡ് സൊസൈറ്റികള്‍ മുഖേന പണപിരിവ് നടത്തി. എറണാകുളം കച്ചേരിപടിയില്‍ മറ്റൊരു തട്ടിപ്പിനായുള്ള ആസൂത്രണത്തിനിടെയാണ് പ്രതി അനന്ദു കൃഷ്ണന്‍ പിടിയിലായത്.
إرسال تعليق