മുഴപ്പിലങ്ങാട് സൂരജിന്‍റെ വധം; 8 സിപിഎമ്മുകാര്‍ക്ക് ജീവപര്യന്തം തടവ് 11ാം പ്രതിക്ക് 3 വർഷം തടവ്.


മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജിനെ വെട്ടിക്കൊന്ന കേസിൽ 8 പ്രതികൾക്ക് ജീവപര്യന്തവും 11-ാം പ്രതിക്ക് 3 വർഷം തടവും വിധിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ടിപി കേസ് കുറ്റവാളി ടി കെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്‍റെ സഹോദരൻ മനോരാജ്, സിപിഎം മുൻ ലോക്കൽ സെക്രട്ടറിമാരായ പ്രഭാകരൻ, പദ്മനാഭൻ എന്നിവരും ജീവപര്യന്തം ലഭിച്ചവരില്‍ പെടും. 2 മുതൽ 9 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ടികെ രജീഷ്, എൻവി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെവി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം. ഒന്നാം പ്രതിയെ ഒളിപ്പിച്ചതിനാണ് പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷ. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കുമാണ് ജീവപര്യന്തം വിധിച്ചത്. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന വിരോധത്തിൽ 2005 ഓഗസ്റ്റ് എഴിനാണ് മുഴപ്പിലങ്ങാട്ടെ സൂരജിനെ കൊലപ്പെടുത്തിയത്. 19 വര്‍ഷത്തിന് ശേഷമാണ് വിധി പറയുന്നത്. തുടക്കത്തിൽ 10 പേർക്കെതിരെയാണ് കേസെടുത്തതെങ്കിലും ടി പി കേസിൽ പിടിയിലായ ടി കെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതി ചേർത്തു ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പി.കെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് മാസങ്ങളോളം കിടപ്പിലായിരുന്നു. പിന്നീട് ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. ഗൂഢാലോചന, കൊലപാതകം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. രാഷ്ട്രീയ വിരോധത്തോടെ പ്രതികൾ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കോലപ്പെടുത്തി എന്നാണ് കേസ്.

Post a Comment

أحدث أقدم

AD01

 


AD02