‘കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവം ദുഃഖകരം ; അന്വേഷണത്തിന് ഉത്തരവിട്ടു’; മന്ത്രി എ കെ ശശീന്ദ്രന്‍


കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത് ദുഃഖകരമായ സംഭവമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നതടക്കം റിപ്പോര്‍ട്ട് വന്നതിന് ശേഷം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വന്യജീവി ആക്രമണത്തെ തുടര്‍ന്ന് കണ്ണൂര്‍ പാനൂര്‍ വള്ള്യായില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ പ്രദേശം സാധാരണ വന്യ ജീവി ശല്യം സ്ഥിരമായി ഉണ്ടാകുന്ന സ്ഥലമല്ല. അതുകൊണ്ട് മുന്‍കരുതല്‍ ഉണ്ടായിട്ടുണ്ടാവില്ല.കാട്ടുപന്നിയെ കൊല്ലാന്‍ പഞ്ചായത്തിന് അനുമതിയുണ്ട്. കാട്ടുപന്നിയുടെ സാന്നിധ്യമുണ്ടെങ്കില്‍ അവര്‍ക്കത് ചെയ്യാന്‍ കഴിയുമായിരുന്നു. വനംവകുപ്പ് അധികൃതരെ അറിയിക്കാമായിരുന്നു. അറിയിച്ചിട്ടുണ്ടോ എന്നറിയില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതേയുള്ളു – അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും ഉത്തര മേഖല CCF ദീപക് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. കലക്ടര്‍ക്കും അന്വേഷണത്തിന് നിര്‍ദേശം നല്‍കി. എംഎല്‍എ യോടും സ്ഥലത്ത് എത്താന്‍ നിര്‍ദേശം നല്‍കി. പശ്‌ന ബാധിത മേഖലയിലല്ല കാട്ടുപന്നി ആക്രമണം ഉണ്ടായത്. റിപ്പോള്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടി സ്വീകരിക്കും – മന്ത്രി വ്യക്തമാക്കി. പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരന്‍ ആണ് മരിച്ചത്. ചെണ്ടയാട്ടെ കൃഷിയിടത്തില്‍ ആണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Post a Comment

أحدث أقدم

AD01