‘ലഹരി മാഫിയക്ക് ലഹരിയിൽ നിന്ന് സാമ്പത്തിക ലാഭം, പ്രതിപക്ഷ നേതാവിന് ലക്ഷ്യം രാഷ്ട്രീയ ലാഭം’; വിഡി സതീശന് മറുപടിയുമായി മന്ത്രി എംബി രാജേഷ്


ലഹരിയുമായി ബന്ധപ്പെട്ട് പൊള്ളയായ വിമർശനങ്ങളുന്നയിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി എംബി രാജേഷ്. കേരളം ഒറ്റക്കെട്ടായി നിൽക്കുക എന്ന നിലപാട് അല്ല പ്രതിപക്ഷ നേതാവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കുറച്ചുകൂടി ഉത്തരവാദിത്വപരമായ സമീപനം പ്രതിപക്ഷ നേതാവ് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവിന്‍റെത് രാഷ്ട്രീയ ദുരാരോപണമാണ്. ഇതൊരു രാഷ്ട്രീയ തർക്കം ആക്കി മാറ്റരുത് എന്നതാണ് തങ്ങളുടെ ആഗ്രഹം. ലഹരി മാഫിയക്ക് ലഹരിയിൽ നിന്ന് സാമ്പത്തിക ലാഭം ഉണ്ടാക്കുകയാണ് ലക്ഷ്യം. പ്രതിപക്ഷ നേതാവിന് ലഹരിയിൽ നിന്ന് രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കൊക്കൈൻ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞിരുന്നു. സെലിബ്രിറ്റി ഉൾപ്പെട്ട കേസിലെ പ്രതികളാണ് രക്ഷപ്പെട്ടത്. അതിനുവേണ്ടി പ്രതിപക്ഷ നേതാവ് ഇടപെട്ടിരുന്നോ അതോ എറണാകുളത്തെ കോൺഗ്രസ് നേതാക്കൾ ഇടപെട്ടിരുന്നോ എന്ന് അദ്ദേഹം വ്യക്തമാക്കണം. സ്വന്തം കയ്യിലെ കറ മറച്ചു വച്ചിട്ടാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉയർത്തുന്നത്. വസ്തുതകളെ വസ്തുതകളായി കാണണം. രാഷ്ട്രീയ ലാഭമുണ്ടാക്കാൻ വേറെ വിഷയങ്ങൾ നോക്കണമെന്നും എംബി രാജേഷ് പറഞ്ഞു.

Post a Comment

أحدث أقدم

AD01

 


AD02