പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും. ആലത്തൂർ കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുക. ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാർ ഉൾപ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും, ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്.
പാലക്കാട് നെന്മാറയില്‍ ജാമ്യത്തില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി അമ്മയെയും മകനെയും അതിക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. പോത്തുണ്ടി ബോയണ്‍ കോളനി സ്വദേശികളായ സുധാകരന്‍ , അമ്മ ലക്ഷ്മി എന്നിവരെയാണ് കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷമാണ് പ്രതി ചെന്താമര കൊലപാതകം നടത്തിയത്. ക്ഷേമനിധിയില്‍ പണമടക്കുന്നതിനായി നെന്മാറയില്‍ നില്‍ക്കുന്ന മകള്‍ അഖിലയുടെ അടുത്തേക്ക് സ്‌കൂട്ടറില്‍ പോയതാണ് സുധാകരന്‍.
വീട്ടില്‍ നിന്നും ഇറങ്ങി 20 മീറ്റര്‍ ആകുമ്പോഴേക്കും ചെന്താമര കൊടുവാളുമായി ചാടിവീണ് സുധാകരനെ വെട്ടി. ശബ്ദം കേട്ട് ഓടിയെത്തിയ അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിവീഴ്ത്തി. സുധാകരന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് ലക്ഷ്മി മരിച്ചത്. സുധാകരന്റെ കുടുംബവുമായുള്ള വ്യക്തി വൈരാഗ്യമാണ് അരും കൊലയിലേക്ക് ചെന്താമരയെ നയിച്ചത്. തന്റെ കുടുംബം തകരാന്‍ കാരണം 2019ല്‍ കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയും പ്രദേശത്തെ ചില സ്ത്രീകളും ആണെന്നാണ്
ചെന്താമര കരുതുന്നത്.
ഇതിന്റെ പേരില്‍ ആദ്യം സജിതയെ കൊലപ്പെടുത്തി, ജാമ്യത്തില്‍ ഇറങ്ങിയശേഷം പ്രദേശവാസികളെ പ്രതി തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു. കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പ്രതി വീട്ടില്‍ വന്നിരുന്നത്. ഇത് ചൂണ്ടിക്കാണിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീങ്ങുന്നതിന് ഇടയിലായിരുന്നു കൊലപാതകം.
إرسال تعليق