ഫ്രാൻസിസ് മാർപ്പാപ്പയുടെ നില ഗുരുതരം


ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില വീണ്ടും അതീവ വഷളായി. കടുത്ത അണുബാധയും കഫക്കെട്ടുമാണ് മാർപാപ്പയുടെ ആരോഗ്യ സ്ഥിതി വഷളാക്കിയത്. ഇതോടെ അദ്ദേഹത്തെ വീണ്ടും വെൻ്റിലേറ്ററിലേക്ക് മാറ്റി. രണ്ട് തവണ ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന് കൃത്രിമശ്വാസം നൽകുന്നതായും വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം അദ്ദേഹത്തിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടായതായി വത്തിക്കാൻ അറിയിച്ചിരുന്നു. അദ്ദേഹം കഴിഞ്ഞ ദിവസം കിടക്കയിൽ നിന്നും എഴുന്നേറ്റ് കസേരയിൽ ഇരുന്നിരുന്നു. മാത്രമല്ല, വ്യക്തികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന് അംഗീകാരം നൽകുന്നത് ഉൾപ്പെടെയുള്ള പ്രവർത്തന ചുമതലകൾ ഫ്രാൻസിസ് മാർപാപ്പ നിർവഹിച്ചു എന്നും വത്തിക്കാൻ അറിയിച്ചിരുന്നു. ഈ മാസം പതിനാലിനാണ് ജെമെല്ലി ആശുപത്രിയിൽ മാർപാപ്പയെ പ്രവേശിപ്പിച്ചത്. 88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ നടത്തിയ പരിശോധനയിൽ ശ്വാസകോശത്തിൽ കടുത്ത അണുബാധയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.ജെമെല്ലി ആശുപത്രിയുടെ പത്താം നിലയിലെ പ്രത്യേക മുറിയിലാണ് പോപ്പ് ചികിത്സയിൽ കഴിയുന്നത്. പ്രത്യേക മെഡിക്കൽ ടീമിൻ്റെ സഹായത്തോടെയാണ് മുഴുവൻ സമയവും ചികിത്സയും പരിചരണവും മാർപാപ്പയ്ക്ക് നൽകുന്നത്. ആശുപത്രിയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിൻ്റെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അടക്കം അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. അദ്ദേത്തിൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്നും സഹപ്രവർത്തകരുമായി അദ്ദേഹം സംസാരിച്ചുവെന്നുമാണ് മെലോണി അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം അദ്ദേഹത്തിൻ്റെ നില വീണ്ടും ഗുരുതരമായെന്നും രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച അദ്ദേഹത്തിൻ്റെ ആൻ്റിബയോട്ടിക് ചികിത്സ തുടരുന്നുവെന്നും ഡോക്ടർമാർ അറിയിക്കുകയായിരുന്നു.എന്നാൽ അടുത്തിടെ നടത്തിയ സിടി സ്കാനിൽ അദ്ദേഹത്തിന്റെ ശ്വാസകോശത്തിലെ വീക്കം കുറഞ്ഞതായി‍ട്ടാണ് കണ്ടത്. ചികിത്സ ഫലിക്കുന്നതായിട്ടാണ് രക്തപരിശോധനയിൽ വ്യക്തമായതെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കിയിരുന്നു.

Post a Comment

أحدث أقدم

AD01

 


AD02