സംസ്ഥാനത്ത് വേനൽക്കാല ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി



പാലക്കാട്: വേനൽ കാലം നേരത്തെ എത്തിയെങ്കിലും സംസ്ഥാനം ലോഡ് ഷെഡിങ്ങിലേക്ക് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി.വൈദ്യുതി ഉപയോഗം ഉയരുന്നത് നേരിടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരും വൈദ്യുതിയുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു .

ചൂട് കാലത്ത് വൈദ്യുതി ഉപയോഗം ഉയരുമ്പോൾ കെ.എസ്.ഇ.ബി പ്രതിസന്ധിയിലാകാറുണ്ട്. എന്നാൽ ഇത്തവണ ആശങ്കയില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കുന്നു. തൊട്ടിയാർ ജലവൈദ്യുതി പദ്ധതിയും പള്ളിവാസൽ പദ്ധതിയും മുൻനിർത്തിയാണ് മന്ത്രിയുടെ വാക്കുകൾ. പള്ളിവാസൽ പദ്ധതിയുടെ പരീക്ഷണ ഘട്ടത്തിൽ തന്നെ ആറ് കോടിയുടെ വൈദ്യുതി ഉല്പാദിപ്പിച്ചെന്ന് കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി. തൊട്ടിയാർ ജല വൈദ്യുതി പദ്ധതി നാൽപ്പത് മെഗാവാട്ട് ശേഷിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനുപുറമെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൈമാറ്റ കരാർ പ്രകാരം വലിയ തോതിൽ വൈദ്യുതി ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട് . ഇതോടെ ലോഡ് ഷെഡിങ് ഉൾപ്പെടെയുള്ള തീരുമാനങ്ങളിലേക്ക് പോകേണ്ടി വരില്ല എന്ന വിലയിരുത്തലിലാണ് കെഎസ്ഇബി .ഇത്തവണ വേനൽ നേരത്തെ എത്തിയതോടെ മാർച്ച് മാസം ആദ്യം തന്നെ വൈദ്യുതി ഉപയോഗം 100 ദശ ലക്ഷം യൂണിറ്റിനോട് അടുപ്പിച്ച് എത്തിയതായാണ് കണക്ക്.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01

 


AD02