കെഎസ്‌ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ: ഓട്ടം ലാഭത്തില്‍; ഓടിക്കാൻ ആളില്ല


കണ്ണൂർ: കെഎസ്‌ആർടിസി കണ്ണൂർ ഡിപ്പോ ലാഭത്തില്‍ ഓടുമ്പോഴും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. 10 ഡ്രൈവർമാരുടെയും 19 കണ്ടക്ടർമാരുടെയും ഒഴിവാണ് നിലവിലുള്ളത്. ഇത് സർവീസുകളെ ബാധിക്കുന്നുണ്ട്. കെഎസ്‌ആർടിസി നഷ്ടത്തിലാണെന്ന് പറയുന്പോഴും ഇതിന് അപവാദമായുള്ള ചുരുക്കം ചില ജില്ലാ യൂണിറ്റുകളില്‍ പ്രധാനപ്പെട്ടതാണ് കണ്ണൂരിലേത്. പ്രതിദിന ശരാശരി വരുമാനം 16.50 ലക്ഷത്തിനു മുകളിലാണ്. പ്രതിദിനം 101 സർവീസുകളാണ് നിലവിലുള്ളത്. കിലോമീറ്ററിന് ശരാശരി 48 രൂപയാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് കിലോമീറ്ററിന് 35 രൂപയില്‍ താഴെയുള്ള 1084 ഷെഡ്യൂളുകള്‍ നിർത്തലാക്കിയപ്പോഴും കണ്ണൂർ യൂണിറ്റില്‍ ഒന്നുപോലും നിർത്തേണ്ട സാഹചര്യമുണ്ടായിട്ടില്ല. പുതുച്ചേരിയിലേക്ക് നടത്തുന്ന സർവീസാണ് ഏറ്റവും ദൈർഘ്യമേറിയത്. കണ്ണൂരില്‍നിന്ന് പുറപ്പെട്ട് തിരിച്ചെത്തുന്പോള്‍ ശരാശരി 70,000 രൂപയാണ് വരുമാനം. ആവശ്യത്തിന് ജീവനക്കാരില്ലെങ്കിലും ഓഫീസ് സ്റ്റാഫ് അടക്കം 600 ലധികം ജീവനക്കാർ രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്നതിനാലാണ് വരുമാനത്തില്‍ നേട്ടം കൈവരിക്കാനാകുന്നതെന്ന് അധികൃതർ പറയുന്നു. മറ്റു യൂണിറ്റുകളുമായി താരതമ്യം ചെയ്യുന്പോള്‍ ഇതിന്‍റെ ഗുണം ലഭിക്കുന്നുണ്ടെന്നത് ജീവനക്കാർക്കും ആശ്വാസമാണ്. ഫെബ്രുവരി മാസത്തെ ശന്പളം കണ്ണൂരില്‍ എല്ലാവർക്കും വിതരണം ചെയ്തു കഴിഞ്ഞു. ഏറെ നാളുകള്‍ക്കു ശേഷമാണ് മാസാദ്യം ശമ്പളം ലഭിക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി 20ന് ശേഷമാണ് ശന്പളം ലഭിച്ചിരുന്നത്. അടുത്ത മാസം മുതല്‍ ഒന്നാം തീയതി തന്നെ ശന്പളം നല്‍കുമെന്ന മന്ത്രിയുടെ പ്രസ്താവന ജീവനക്കാർക്ക് ആശ്വാസവും ആത്മവിശ്വാസവും പകരുന്നുണ്ട്.

Post a Comment

أحدث أقدم

AD01