മാലിന്യ പ്ലാന്‍റ് പ്രവര്‍ത്തനം നിര്‍ത്തി; കോഴി വ്യാപാരികള്‍ പ്രതിസന്ധിയില്‍


കണ്ണൂർ: ചിക്കൻ വ്യാപാര മേഖലയില്‍ മാലിന്യങ്ങള്‍ അസംസ്‌കൃത വസ്തുവായി മാറ്റുന്ന റെൻഡറിംഗ് പ്ലാന്‍റ് പ്രവർത്തനം നിർത്തിവെച്ചത് ജില്ലയിലെ ആയിരക്കണക്കിന് കോഴി വ്യാപാരികളെ പ്രതിസന്ധിയിലാക്കി. ജില്ലാ ഭരണകൂടവും വ്യാപാരികളും പ്ലാന്‍റ് ഉടമകളുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കിലോയ്ക്ക് അഞ്ചുരൂപ നല്‍കിയാണ് പ്ലാന്‍റ് മാലിന്യം എടുത്ത് വരുന്നത്. പെരുന്നാള്‍ സമയത്ത് ഒരു മുന്നറിയിപ്പും ഇല്ലാതെ 10 രൂപ നിരക്ക് പ്ലാന്‍റ് ഈടാക്കുകയായിരുന്നു. ഇതിനെതിരെ ചിക്കൻ വ്യാപാരികള്‍ കളക്ടർക്ക്‌ നല്‍കിയ പരാതി പ്രകാരം നടന്ന ചർച്ചയില്‍ അഞ്ചുരൂപ നിരക്കില്‍ തന്നെ വാങ്ങുന്നതിനും 10 രൂപ വാങ്ങിയ വ്യാപാരികള്‍ക്ക് അഞ്ചുരൂപ തിരിച്ചു നല്കുവാനും കളക്‌ടർ നിർദേശിച്ചിരുന്നു. ഇപ്പോള്‍ വിഷുവിന്‍റെ ഏറ്റവും തിരക്കുള്ള സമയം തന്നെ പ്ലാന്‍റ് അടയ്ക്കുകയും മാലിന്യങ്ങള്‍ കടകളില്‍ നിന്ന് എടുക്കാതിരിക്കികയും ചെയ്ത് വില വർധിപ്പിക്കാനുള്ള സമ്മർദ്ധ തന്ത്രമാണ് ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളില്‍ നിന്നും മാലിന്യം ശേഖരിക്കുന്ന മട്ടന്നൂരിലെ റെൻഡറിംഗ് പ്ലാന്‍റിന്‍റെ ഭാഗത്ത് നിന്നും നടക്കുന്നതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. നിലവില്‍ 2026 വരെ കോഴി മാലിന്യം എടുക്കുന്നതിനുള്ള കരാർ നിലനില്‍ക്കെ ഏകപക്ഷീയമായി മട്ടന്നൂരിലെ റെൻഡറിംഗ് പ്ലാന്‍റ് എടുത്ത തീരുമാനം വഴി ചിക്കൻ മാലിന്യം സംസ്കരിക്കാൻ പറ്റാതെ വ്യാപാരികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മാലിന്യ പ്രശ്നം അടിയന്തിരമായി പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടം തയാറാവണമെന്ന് വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് പി. വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ വി.ഗോപിനാഥൻ, ജില്ലാ സെക്രട്ടറി പി.എം. സുഗുണൻ എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم

AD01