വയനാട് ടൗണ്‍ഷിപ്പിനായുളള ഭൂമി ഏറ്റെടുക്കല്‍ തടയണമെന്നാവശ്യം; എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീംകോടതിയെ സമീപിച്ചു


വയനാട് ടൗണ്‍ഷിപ്പിനായുളള ഭൂമി ഏറ്റെടുക്കല്‍ തടയണം എന്നാവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത നടപടി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സര്‍ക്കാരിന്റെ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും 2013ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം ലഭിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി നേരത്തേ ഹൈക്കോടതി തളളിയിരുന്നു. പിന്നാലെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉടമകള്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ സംസ്ഥാനം നേരത്തേ തന്നെ തടസ്സഹര്‍ജി നല്‍കിയിരുന്നു. ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനുളള ഭൂമിയുടെ മൂല്യം സംബന്ധിച്ചുളള തര്‍ക്കമായിരുന്നു നിയമപോരാട്ടത്തിലേക്ക് നീങ്ങിയത്. ഭൂമിക്ക് 549 കോടി മൂല്യമുണ്ടെന്ന് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് അവകാശവാദം ഉന്നയിച്ചപ്പോള്‍, സമീപകാലത്തെ 10 ഭൂമിയിടപാടുകളുടെ രേഖകള്‍ പ്രകാരമാണ് വില നിശ്ചയിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. ഇതോടെ സര്‍ക്കാര്‍ വാദം അംഗീകരിച്ച് ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു.

Post a Comment

أحدث أقدم

AD01