മുതലപ്പൊഴിയിൽ പൊഴിമുറിക്കാനുള്ള നടപടികൾ ഇന്ന് രാവിലെ ആരംഭിക്കും. രാവിലെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പൊഴിമുറിക്കൽ തുടങ്ങും. മണൽ നീക്കത്തിന് കൂടുതൽ യന്ത്ര സംവിധാനങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു. അതേസമയം ചർച്ചയിൽ സംതൃപ്തർ അല്ലെന്നും, മണൽ പൂർണമായും നീക്കാതെ പൊഴിമുറിക്കാൻ അനുവദിക്കില്ലെന്നും സംയുക്ത സമരസമിതി പ്രതികരിച്ചു. അടുത്തമാസം 16 നകം മണൽ പൂർണമായി നീക്കം ചെയ്യുമെന്ന് ഹാർബർ എൻജിനീയറിങ് വകുപ്പ് ന്യൂനപക്ഷ കമ്മീഷനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
മുതലപ്പൊഴിയിൽ പൊഴി മുറിച്ചില്ലെങ്കിൽ 5 പഞ്ചായത്തുകൾ വെള്ളത്തിൽ ആകും. ഇത് മുന്നിൽകണ്ടാണ് യുദ്ധകാല അടിസ്ഥാനത്തിൽ പൊഴി മുറിക്കാനുള്ള നടപടികളുമായി വകുപ്പ് മുന്നോട്ടുപോകുന്നത്. ഇതിനായി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. പോലീസിന്റെ സഹായത്തോടെ നാളെ രാവിലെ മുതൽ പൊഴി മുറിച്ചു തുടങ്ങുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഒരു മാസത്തിനകം മണൽ നീക്കം പൂർത്തിയാക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. കൊല്ലം ഹാർബറുകളിലേക്ക് മത്സ്യത്തൊഴിലാളികൾക്ക് പോകാൻ താല്പര്യമുണ്ടെങ്കിൽ അതിനുള്ള ക്രമീകരണം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം മെയ് 16നകം മുതലപ്പൊഴിയിലെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് ഹാർബർ എൻജിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥർ ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചു. പുലിമുട്ടിന്റെ നീളം വർദ്ധിപ്പിക്കുന്ന കരാറിൽ ഈ മാസം അവസാനം ഒപ്പിടുമെന്നും കമ്മീഷനെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
മന്ത്രിമാരായ സജി ചെറിയാൻ, വി ശിവൻകുട്ടി, സംയുക്ത സമരസമിതി പ്രവർത്തകർ, ജില്ലാ കളക്ടർ, ഫിഷറീസ് വകുപ്പ് ഡയറക്ടർ, ഹാർബർ എൻജിനീയറിങ് വകുപ്പിലെ ഉദ്യോഗസ്ഥർ, ചിറയിൻകീഴ് എംഎൽഎ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
إرسال تعليق