ഈസ്റ്റർ ദിനത്തിൽ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ


യുക്രൈനിൽ ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ശനിയാഴ്‌ച വൈകിട്ട്‌ ആറു മുതൽ ഞായറാഴ്ച അർധരാത്രി വരെയാണ്‌ വെടിനിർത്തിയതെന്ന്‌ റഷ്യൻ സൈനിക മേധാവി വലേരി ഗെരാസിമോവിനോട് സംസാരിക്കവെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പറഞ്ഞു. ഇതുസംബന്ധിച്ചു പുടിൻ സൈന്യത്തിനു നിർദ്ദേശം നൽകിയതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

യുക്രയ്ൻ വെടിനിർത്തൽ ലംഘനം നടത്തിയാൽ ചെറുക്കാൻ സൈന്യത്തെ സജ്ജരാക്കാനും ജെറാസിമോവിനോട് പുടിൻ നിർദ്ദേശിച്ചു. എന്നാൽ ഇതു സംബന്ധിച്ച് യുക്രൈൻ പ്രതികരണമൊന്നും നടത്തിയിട്ടില്ല. മനുഷ്യത്വപരമായ പരി​ഗണനകളുടെ അടിസ്ഥാനത്തിലാണ് വെടി നിർത്തൽ പ്രഖ്യാപിക്കുന്നതെന്നു പുടിൻ വ്യക്തമാക്കി. റഷ്യയുടെ ഈ മാതൃക യുക്രയ്ൻ പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുടിൻ പ്രതികരിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഫോൺസംഭാഷണത്തിൽ യുക്രയ്നിലെ ഊർജ അടിസ്ഥാനസൗകര്യ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം 30 ദിവസത്തേക്ക് നിർത്തിവയ്ക്കാൻ പുടിൻ സമ്മതിച്ചിരുന്നു.

അതിനിടെ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ വടക്കന്‍ യുക്രൈനിലെ സുമിയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ 83 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Post a Comment

أحدث أقدم

AD01