സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തതിന് പിന്നാലെ നിരവധിപ്പേർ അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. അത്തരത്തിൽ ഒരു പോസ്റ്റ് ആണ് ദിവ്യ എസ് അയ്യറും പങ്കുവച്ചത്. എന്നാൽ ദിവ്യയുടെ പോസ്റ്റിനു പിന്നാലെ നിരവധി സൈബർ ആക്രമണമാണ് നടന്നത്. ഇതിൽ ദിവ്യ പ്രതികരിക്കുകയും ചെയ്തിരുന്നു. കെ. മുരളീധരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളിൽ നിന്നും ദിവ്യയ്ക്ക് വിമർശനം നേരിടേണ്ടി വന്നു. വിമര്‍ശനങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ തന്നെ മറുപടിയുമായി ദിവ്യ വീണ്ടും എത്തിയിരിക്കുകയാണ്. മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ എവിടൊക്കെയോ ചിലമ്പുന്നതും, പുലമ്പുന്നതും കേൾക്കുന്നുണ്ടെന്ന് പോസ്റ്റിൽ ദിവ്യ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ എവിടൊക്കെയോ ചിലമ്പുന്നതും, പുലമ്പുന്നതും കേൾക്കുന്നുണ്ട്.
എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടു പോകുമ്പോൾ, അവരുമായി ചേർന്നു പ്രവർത്തിക്കുവാൻ അഭിമാനം തോന്നി എന്നു എനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവു അർപ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവു ആണ്. അതു പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണ്. ഇനിയും തുടരും.
ഏവരോടും, സസ്നേഹം 💖
നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ ആണ് ദിവ്യ ആദ്യം പോസ്റ്റ് പങ്കുവച്ചത്. ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച പോസ്റ്റിലാണ് കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം എന്ന് വിശേഷിപ്പിച്ച് ദിവ്യ എസ് അയ്യർ എഴുതിയത്. ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട് എന്നും അദ്ദേഹം വിശ്വസ്തതയുടെ ഒരു പാഠപുസ്തകമാണെന്നും, കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടാണെന്നും ദിവ്യ എസ് അയ്യർ കുറിച്ചു. നൽകിയ പരിഗണകൾക്ക് നന്ദിയെന്നും ദിവ്യ എസ് അയ്യർ കുറിച്ചു.
إرسال تعليق