ഡ്രൈവര്‍ ഉറങ്ങിപ്പോയി: ഫിലിപ്പീൻസില്‍ ബസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് 10 മരണം


ഫിലിപ്പീൻസില്‍ ബസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം.വടക്കൻ ഫിലിപ്പീൻസിലെ ഒരു ടോള്‍ ഗേറ്റിലാണ് സംഭവം ഉണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് ടോള്‍ ഗേറ്റിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരുക്കുണ്ട്.

തൊ‍ഴിലാളികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ നാല് പേര്‍ കുട്ടികളാണ്. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവിങ്ങിനിടെ താൻ ഉറങ്ങിപ്പോയതാണെന്നും പിന്നാലെ ബസ് മറ്റ് വാഹനങ്ങ‍‍ള്‍ക്കിടയിലേക്ക് പാഞ്ഞുകറുകയായിരുന്നുവെന്നുമാണ് ഇയാള്‍ പൊലീസിന് മൊ‍ഴി നല്‍കിയത്. ബസ് കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭ‍വത്തെ തുടര്‍ന്ന് മേഖലയിലെ ഒരു പ്രധാന ബസ് ഓപ്പറേറ്ററായ സോളിഡ് നോർത്ത് ബസ് കമ്പനിയോട് പ്രവര്‍ത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഗതാഗത വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

അപകടത്തിൽ മൂന്ന് സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളും ഒരു കണ്ടെയ്‌നർ ട്രക്കും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഫിലിപ്പൈൻ റെഡ് ക്രോസ് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നൽകുന്നുണ്ടെന്ന് സംഘടന ബുധനാഴ്ച മറ്റൊരു പോസ്റ്റിൽ പറഞ്ഞു.

ഫിലിപ്പീൻസിൽ മാരകമായ ബസ് അപകടങ്ങൾ അടുത്തിടെ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ബസ് ഡ്രൈവർമാർക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും സമീപ ആഴ്ചകളിൽ വാർത്തകളിൽ ഇടം നേടിയിരുന്നു.



Post a Comment

أحدث أقدم

AD01