സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയ്ക്ക് ഒരുങ്ങി കോഴിക്കോട്. കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് നഗരത്തെ ആവേശത്തിലാക്കി, കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ദേശീയ സരസ് മേളയും സമാന്തരമായി സംഘടിപ്പിക്കുന്നുണ്ട്. ആദ്യമായാണ് ദേശീയ സരസ് മേളയ്ക്ക് കോഴിക്കോട് വേദിയാകുന്നത്.
കോഴിക്കോട് ബീച്ചില്‍ ഇനി 10 ദിവസത്തെ ആഘോഷ രാവുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയും, കുടുംബശ്രീ മിഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള എന്നിവയും സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ കാഴ്ചാനുഭവങ്ങള്‍ സമ്മാനിക്കും.
വൈകിട്ട് ആറ് മണിക്ക് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും മുന്നേറ്റങ്ങളുടെയും നേര്‍ക്കാഴ്ച ഒരുക്കുകയാണ് എന്‍റെ കേരളം പ്രദര്‍ശന വിപണന മേള. ഈ മാസം 12 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേള ഭരണ മികവിന്റെയും നാനാതലങ്ങളിലെ വികസനക്കുതിപ്പിന്റെയും നേര്‍സാക്ഷ്യമാകും. ദേശീയ സരസ് മേള, പൊതുജനങ്ങൾക്ക് മികച്ച അനുഭവം നൽകുമെന്ന് കുടുംബശ്രീ കോഴിക്കോട് ജില്ലാ കോഡിനേറ്റർ കവിത പറഞ്ഞു.
പ്രദര്‍ശന-വിപണന മേളക്ക് വിളംബരമോതി സ്‌കേറ്റിങ് പ്രദര്‍ശനവും കഴിഞ്ഞദിവസം ഉണ്ടായിരുന്നു. സൗത്ത് ബീച്ചില്‍ നിന്നാരംഭിച്ച സ്‌കേറ്റിങ് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം.
إرسال تعليق