മലപ്പുറം കാളികാവിലെ കടുവാ ദൗത്യം; തെരച്ചിൽ ഇന്ന് മുതൽ ഊർജ്ജിതമാക്കും


മലപ്പുറം കാളികാവില്‍ ഇന്നലെ ടാപ്പിങ്ങ് തൊ‍ഴിലാളിയെ കൊന്ന കടുവയെ കണ്ടെത്താനുള്ള തെരച്ചിൽ ഇന്ന് മുതൽ ഊർജ്ജിതമാക്കും. ഇന്നലെ രാത്രി സ്ഥാപിച്ച അൻപത് നിരീക്ഷണ ക്യാമറകളിൽ കടുവയുടെ സാന്നിധ്യം ഉണ്ടോയെന്ന് ഇന്ന് പരിശോധിക്കും. കുങ്കിയാനകളുടെ സഹായത്തോടെ 25 അംഗ സംഘമാണ് കടുവയ്ക്കായി ഇന്ന് തെരച്ചില്‍ നടത്തുക.

ടാപ്പിംഗ് തൊഴിലാളി കാളികാവ് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ ആണ് ഇന്നലെ കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. ഇന്നലെ പുലർച്ചെ 6.30നായിരുന്നു സംഭവം. അടയ്ക്കാകുണ്ടിൽ ടാപ്പിങ് ചെയ്തുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. പെട്ടെന്ന് കാണാതായതോടെ അതേ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തിയിരുന്ന മറ്റൊരു തൊഴിലാളിയാണ് വിവരമറിയിച്ചത്. പോലീസ്, വനം ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകട സ്ഥലത്ത് നിന്ന് വനാതിർത്തിയിൽ അഞ്ച് കിലോമീറ്റർ മാറിയായിരുന്നു മൃതദേഹം. നോര്‍ത്തേണ്‍ റീജിയണ്‍ (വൈല്‍ഡ് ലൈഫ്) സി.സി.എഫ് ഉമ ഐ.എഫ്.എസ്, മറ്റ് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലത്ത് എത്തിയിരുന്നു. പ്രദേശത്ത് ജാഗ്രത പാലിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വനം വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. മരിച്ച ഗഫൂറിന്റെ ആശ്രിതർക്ക് ധനസഹായത്തിന്റെ ആദ്യഗഡു 5 ലക്ഷം രൂപ ഉടൻ കൈമാറും. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകുന്നതിലും തീരുമാനമുണ്ടായേക്കും.



Post a Comment

أحدث أقدم

AD01