തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രവർത്തികമായത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിലെന്ന് മന്ത്രി പി രാജീവ്. പദ്ധതിയുടെ ക്രെഡിറ്റിനെ സംബന്ധിച്ച് വിവാദങ്ങൾ തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തിന്റെ വ്യവസായമേഖലയ്ക്കും ഇന്ത്യയുടെ സമ്പദ്ഘടനയ്ക്കും വലിയ മാറ്റം നൽകുന്ന ഒരു പദ്ധതിയാണ് വിഴിഞ്ഞം. അതിൽ എല്ലാവരും അഭിമാനിക്കുകയാണ് വേണ്ടത്. ഫ്ലെക്സുകളല്ല, പദ്ധതി എങ്ങനെ ഉണ്ടായെന്ന് ജനങ്ങൾക്കറിയാം. ഇച്ഛാശക്തിയുള്ള ഇടപെടലുകളാണ് പിണറായി സർക്കാർ നടത്തിയത്. നിർമാണത്തിനായി കല്ല് ലഭിക്കാതെയായപ്പോൾ ഈ സർക്കാരാണ് ഇടപെട്ടത്. മെട്രോ പോലും യാർഡിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചാണ് ഉദ്‌ഘാടനം ചെയ്തത്, കണ്ണൂർ വിമാനത്താവളവും നമുക്കറിയാം. ഒരു കല്ലിന്റെ സംഭാവന ആരും മറക്കില്ല എന്നും എല്ലാം പൊതുമധ്യത്തിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. വിഡി സതീശനെ ക്ഷണിച്ചില്ല എന്ന വിവാദത്തിലും മന്ത്രി പ്രതികരിച്ചു. പ്രതിപക്ഷ നേതാവിനെ ഉൾപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ലിസ്റ്റ് നൽകിയത്. ആരൊക്കെ ഉദ്‌ഘാടനത്തിന് ഉണ്ടാകണം എന്നൊക്കെ തീരുമാനിക്കുന്നത് അദ്ദേഹത്തിന്റെ ഓഫീസാണ്. അന്തിമ അംഗീകാരം അവിടെ നിന്ന് കിട്ടിയാൽ മാത്രമേ സ്റ്റേജിൽ ഉണ്ടാവണം എന്ന് സംസ്ഥാന സർക്കാരിന് പ്രതിപക്ഷ നേതാവിനോട് പറയാൻ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു. നടപടിക്രമം അറിയാവുന്നവർ കുറച്ച് കൂടി കാത്തിരിക്കുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന നിമിഷങ്ങൾ ചരിത്ര ഏടുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടുന്ന മുഹൂർത്തമാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു. തുറമുഖം ഉദ്‌ഘാടനത്തിന് മുൻപായി 'കോഫി വിത്ത് അരുണി'ൽ സംസാരിക്കുകയായിരുന്നു മന്ത്രി. തുറമുഖത്തിന്റെ ക്രെഡിറ്റ് സംബന്ധിച്ചും മന്ത്രി അഭിപ്രായം വ്യക്തമാക്കി. ചരിത്രം പരിശോധിച്ചാൽ കല്ലിട്ടവരും കമ്പനി ഉദ്‌ഘാടനം ചെയ്തവരും എല്ലാം ഉണ്ടാകും. എന്നാൽ പദ്ധതി പ്രവർത്തികമാക്കിയത് ഒന്നും രണ്ടും പിണറായി സർക്കാരുകളാണ്. ഉമ്മൻചാണ്ടിയുടെ അദാനി കരാർ സംസ്ഥാനത്തിന് ക്ഷീണം മാത്രമുണ്ടാക്കുന്നതായിരുന്നു. അതിലെ പൊതുതത്വത്തോട് തങ്ങൾ യോജിച്ചിരുന്നുവെങ്കിലും ഉള്ളടക്കത്തോട് വിയോജിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
إرسال تعليق