നവകേരളത്തിന്റെ വികസന വഴികളില്‍ തദ്ദേശ ജനവിഭാഗക്കാർ പിന്തള്ളപ്പെടാതിരിക്കാൻ പദ്ധതികൾ ആവിഷ്കരിക്കും- മുഖ്യമന്ത്രി പിണറായി വിജയൻ


നവകേരളത്തിന്റെ വികസന വഴികളില്‍ തദ്ദേശ ജനവിഭാഗക്കാര്‍ പിന്തള്ളപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പട്ടികജാതി പട്ടികവര്‍ഗ സംസ്ഥാനതല സംഗമം മലമ്പുഴ ട്രൈപ്പന്റ ഹോട്ടല്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നൂതന സാങ്കേതികതയുടെ സാധ്യതകള്‍ ഗുണകരമാക്കുന്ന രീതിയില്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കിടയില്‍ ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുളളില്‍ കൃത്യമായ സംവരണതത്വം പാലിച്ച് 2.45 ലക്ഷത്തോളം നിയമനങ്ങള്‍ പി.എസ്.സി വഴി നടത്തി. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുള്‍ക്കുള്ള പ്രത്യേക റിക്രൂട്ട്‌മെന്റും നടത്തി. ബഡ്ജറ്റില്‍ ജനസംഖ്യാനുപാതത്തില്‍ കൂടുതലാണ് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നീക്കി വെക്കുന്നത്. 9.1 ശതമാനം പട്ടിക ജാതി വിഭാഗക്കാര്‍ക്ക് ബജറ്റ് വിഹിതം 9.8 ശതമാനമാണ് നല്‍കിയത്. 1.4 ശതമാനം പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ബജറ്റ് വിഹിതം 2.89 ശതമാനവും നല്‍കി. കഴിഞ്ഞ ബജറ്റില്‍ 1355 കോടി രൂപയാണ് പട്ടിക ജാതി വികസന വകുപ്പിന് അനുവദിച്ചത്. അതില്‍ 98 ശതമാനം വിവിധ പദ്ധതികളിലൂടെ ചെലവഴിച്ചു. പട്ടിക ജാതി വകുപ്പിന് കീഴില്‍ 11 ഉം പട്ടിക വര്‍ഗത്തിന് കീഴില്‍ 22 ഉം മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളും നിര്‍മിച്ചു. മികച്ച പഠനപഠനേതര സൗകര്യങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ലാങ്‌ഗ്വേജ് ലാബ് മികച്ച പഠനാന്തരീക്ഷമെല്ലാം എം.ആര്‍.എസുകളുടെ പ്രത്യേകതയാണ്.  ലക്ഷം പട്ടിക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. പട്ടിക ജാതി വിദ്യാര്‍ഥികള്‍ താമസിച്ച് പഠിക്കുന്നതിന് 84 പ്രീമെട്രിക് ഹോസ്റ്റല്‍ 19 പോസ്‌മെട്രിക് ഹോസ്റ്റലുകളും പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 110 പ്രീമെട്രിക് ഹോസ്റ്റലുകളും 10 പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും ഒരുക്കിയിട്ടുണ്ട്. പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രി പട്ടിക ജാതി വികസനത്തില്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. ഒരോ വര്‍ഷവും 100 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. അതില്‍ 72 പേര്‍ പട്ടിക വര്‍ഗ വിഭാഗം വിദ്യാര്‍ഥികളാണ്. 2018 മുതല്‍ ഇതുവരെ രണ്ട് ലക്ഷം രൂപ വീതം 40,236 പഠനമുറികള്‍ക്ക് ധനസഹായം നല്‍കി. പട്ടിക വര്‍ഗ ഉന്നതികളില്‍ 364 സാമൂഹ്യ പഠനമുറികള്‍ പൂര്‍ത്തിയായി. ഉന്നതി സ്‌കോളര്‍ഷിപ് ഫോര്‍ ഓവര്‍സീസ് സ്റ്റഡീസ് പദ്ധതി വഴി 842 വിദ്യാര്‍ഥികള്‍ വിദേശ സര്‍വകലാശാലയില്‍ പഠിക്കുന്നത്. 731 പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കും 54 പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കും 57 പിന്നോക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്കുമാണ് വിദേശ പഠന സ്‌കോളര്‍ഷിപ്പ് ലഭ്യമായത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഇനിയും സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കും. വിദ്യാവാഹിനി പദ്ധതിയില്‍ 90 കോടി ചെലവില്‍ 186 പഞ്ചായത്തുകളിലായി 689 വിദ്യാലയങ്ങളില്‍ 25147 വിദ്യാര്‍ഥികള്‍ ഗുണഭോക്താക്കളാണ്. ഭൂരഹിതരായ പട്ടിക വിഭാഗക്കാര്‍ക്ക് ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഭവന നിര്‍മാണത്തിനായി കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ 33, 058 പട്ടികജാതി വിഭാഗക്കാര്‍ക്ക് 1653 ഏക്കര്‍ ഭൂമി നല്‍കിയിട്ടുണ്ട്. പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ഭൂമി നല്‍കാനായി ലാന്റ് ബാങ്ക് പദ്ധതിയും നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമമെല്ലാം നടപ്പാക്കുന്നുണ്ട്. 8919 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് 8573.54 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. 29139 പട്ടിക വര്‍ഗ കുടുംബങ്ങളെ 38581 ഏക്കര്‍ ഭൂമിക്ക് വനാവകാശ പട്ടയം നല്‍കി. 151952 പട്ടികജാതി കുടുംബങ്ങള്‍ക്കും 45048 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കും വീട് അനുവദിച്ച് നല്‍കി. 2500 ഓളം കോടി രൂപ ലൈഫ് മിഷനായി നീക്കി വെച്ചു. സേഫ് പദ്ധതി വഴി 20,829 പട്ടിക ജാതി കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും 11850 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപയും ധനസഹായം നല്‍കി. 10, 000 കുടുംബങ്ങള്‍ക്കുകൂടി സേഫ് പദ്ധതി വഴി ധനസഹായം നല്‍കും. അംബേദ്കര്‍ ഗ്രാമവികസന പദ്ധതി കൂടുതല്‍ വിപുലമാക്കും. ട്രേസ് പദ്ധതി വഴി വിവിധ മേഖലയിലേക്ക് തൊഴില്‍ പരിശീലനം ലഭ്യമാക്കി. ജെ.ഡി.സി, എച്ച്.ഡി.സി യോഗ്യതയുള്ളവരെ ഉള്‍പ്പെടുത്തി ട്രേസ് പദ്ധതി വിപുലീകരിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടിക വര്‍ഗക്കാര്‍ അധിക തൊഴില്‍ദിനങ്ങള്‍ക്കായി 204 കോടി രൂപ ട്രൈബല്‍ പ്ലസിലൂടെ അനുവദിച്ചു. പണിയ സമൂഹത്തിന്റെ വികസനത്തിനായി പുതിയ പാക്കേജ് ആവിഷ്‌കരിക്കുമെന്നും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലുള്ള സംരംഭകര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. 

 സംസ്ഥാനത്തെ തദ്ദേശ ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു: മന്ത്രി ഒ.ആര്‍. കേളു

സംസ്ഥാനത്തെ തദ്ദേശ ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചെന്നും നിരവധി പദ്ധതികള്‍ നടപ്പിലാക്കിയെന്നും പട്ടിക ജാതി പട്ടിക വര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി ഒ.ആര്‍ കേളു. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പട്ടികജാതി പട്ടികവര്‍ഗ സംസ്ഥാനതല സംഗമത്തിന് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവര്‍ത്തനങ്ങള്‍ 100 ശതമാനം പൂര്‍ണതയിലേക്കെത്താനാണ് ഇത്തരത്തിലുള്ള സംഗമങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, കെ.രാധാകൃഷ്ണന്‍ എം.പി എന്നിവര്‍ മുഖ്യാത്ഥികളായി. പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ രാമചന്ദ്രന്‍, എം,എല്‍.എമാര്‍, അഡീഷ്ണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ധര്‍മ്മലശ്രീ, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ്, ജില്ലാ കളക്ടര്‍ ജി പ്രിയങ്ക, ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. സംഗമത്തില്‍ ക്ഷണിക്കപ്പെട്ടവരില്‍ റാപ്പറും ഗാനരചയിതാവുമായ ഹിരണ്‍ദാസ് മുരളി(വേടനും), ഗായിക നഞ്ചിയമ്മയും പങ്കെടുത്തു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി തദ്ദേശീയ വിഭാഗങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്ത വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു.

സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുള്ള തദ്ദേശീയ വിഭാഗത്തിലുള്ള ജനങ്ങളെ ഉള്‍ക്കൊള്ളിച്ച് അവരുടെ അഭിപ്രായങ്ങള്‍ മുഖ്യമന്ത്രിയോട് നേരിട്ട് അവതരിപ്പിക്കാനുള്ള അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്. സംസ്ഥാനതല പട്ടികജാതി പട്ടികവര്‍ഗ സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരായ 1200 ഓളം പേര്‍ പങ്കെടുത്തു. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍, കായിക താരങ്ങള്‍, ആരോഗ്യ(വൈദ്യം) പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടുന്നവര്‍, വകുപ്പിന്റെ വിവിധ സ്‌കോളര്‍ഷിപ്പ് പോലുള്ള പദ്ധതികളിലൂടെ സമൂഹത്തിന്റെ ഉന്നത പദവിയില്‍ എത്തിയവര്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, വിവിധ കലകളില്‍ പ്രാവീണ്യം നേടിയവര്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലെ വിശിഷ്ഠ വ്യക്തികള്‍, വിവിധ ഗോത്രവിഭാഗങ്ങളിലുള്ളവര്‍, ഊരുമൂപ്പന്‍മാര്‍, പാലക്കാട് മെഡിക്കല്‍ കോളേജ്, ഐ.ഐ.ടി, ഐ.ഐ.എം, എന്‍.ഐ.ടി എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍, റിസര്‍ച്ച് സ്‌കോളര്‍മാര്‍, ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയവര്‍, വിങ്സ് പദ്ധതിയുടെ ഗുണഭോക്താക്കള്‍, വിദേശ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍, പ്രൊമോട്ടര്‍മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ ഉള്ളവര്‍ പരിപാടിയില്‍ പങ്കാളികളായി.


 എല്ലായിടത്തും വികസന സ്പർശന മറിഞ്ഞുള്ള നവകേരളം യാഥാര്‍ത്ഥ്യമാക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലും വികസനത്തിന്റെ സ്പര്‍ശനം അറിഞ്ഞുള്ള നവകേരളം യാഥാര്‍ത്ഥ്യമാകാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ സംസ്ഥാനതല സംഗമത്തിന്റെ ഭാഗമായി ക്ഷണിക്കപ്പെട്ട അതിഥികളുമായുള്ള സംവാദത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും വികസനത്തിന്റെ സ്വാദ് അറിയണം. പൊതു വിദ്യാഭ്യാസ രംഗം പുരോഗമിച്ചു. നല്ല നേട്ടങ്ങള്‍ കൈവരിക്കാനായി. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനാകുന്നു. ആരോഗ്യസംവിധാനവും പൊതു വിതരണ സംവിധാനവും ശക്തമാണ്. വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. 1600 രൂപ ക്ഷേമ പെന്‍ഷന്‍ 60 ലക്ഷം ആളുകള്‍ക്ക് നല്‍കുന്നത്് രാജ്യത്ത് തന്നെ മാതൃകയാണ്. ഇതെല്ലാം നാടിന്റെ പൊതുവായ അവസ്ഥയ്ക്കാണ് മാറ്റമുണ്ടാക്കുന്നത്. 64006 കുടുംബങ്ങളാണ് അതിദാരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. അതില്‍ 80 ശതമാനം പേരും അതില്‍ നിന്ന് മുക്തരായി. നവംബര്‍ ഒന്നോടെ കേരളത്തിലെ ഒരു കുടുംബം പോലും അതിദാരിദ്ര വിഭാഗത്തില്‍ ഉണ്ടാകുകയില്ല. 

കേരളത്തിലെ സൗകര്യങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത് ജനങ്ങളെ കണ്ടുകൊണ്ടാണ്. ജനങ്ങളുടെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങളിലെ മധ്യ വരുമാന രാജ്യങ്ങളിലേതിന് തുല്യമായി ഉയര്‍ത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്തെ പോലെ മറ്റ് സ്ഥലങ്ങളേയും ഭൂരഹിതരില്ലാത്ത പ്രദേശങ്ങളാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിലവിലുള്ളത് കൂടാതെ കുറച്ച് കൂടി പ്രായോഗികമായും ചര്‍ച്ചചെയ്തും തീരുമാനിക്കുമെന്നും ചില ജില്ലകള്‍ കൂടി ഇതിലേക്ക് വന്നു ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയില്‍ നാല് ലക്ഷം രൂപയാണ് സംസ്ഥാനത്ത് നല്‍കുന്നത്. രാജ്യത്തെ ഏറ്റവും വലിയ തുകയാണിത്. കേന്ദ്ര വിഹിതം 1.5 ലക്ഷവും സംസ്ഥാന വിഹിതം 2.5 ലക്ഷവുമാണ്. നാലര ലക്ഷത്തിലധികം വീടുകള്‍ പൂര്‍ത്തിയായി. ഭൂപ്രശ്നം പ്രാധാന്യമുള്ള വിഷയമായാണ് കാണുന്നത്. തോട്ടമേഖലയും നാടിന്റെ ഭാഗമാണ്, മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കും.തൊഴില്‍ നൈപുണ്യം നല്ല രീതിയില്‍ വര്‍ദ്ധിപ്പിക്കും. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വിവിധ തൊഴിലിന് നൈപുണ്യ പരിശീലനവും നല്‍കും. ഓരോ രംഗത്തും ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. സംവരണം കൃത്യമായി പാലിച്ചു പോകുകയും നിലവിലുള്ള സംവരണ രീതി നിലനിര്‍ത്തുക എന്നതിനാണ് സംസ്ഥാനം പ്രാമുഖ്യം കൊടുക്കുന്നത്. ലക്ഷ്യ സ്‌കോളര്‍ഷിപ്പ് നിലവിലുള്ള സമ്പ്രദായം തുടരും. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗ സഹകരണ സംഘങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കേണ്ട മേഖലയാണ്. ജലജീവൻ മിഷന്റെ ഭാഗമായി വിവിധ തലങ്ങളിൽ ഉള്‍പ്പെടെ ജലം എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കാലത്തിന്റെ മാറ്റം അനുസരിച്ച് ഐടിഐ മേഖലയില്‍ പുതിയ ട്രേഡുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. തരിശ് രഹിത ഗ്രാമങ്ങള്‍ മണ്ഡലങ്ങള്‍ ഒരുപാട് വര്‍ധിച്ചിട്ടുണ്ട്. ജാതി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കാന്‍ ശ്രമിക്കും. വനാവകാശ പ്രകാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് കുറവുണ്ടെങ്കില്‍ പരിഹരിക്കും. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായ ട്രേസ് എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നത് നല്ല ആശയമാണ്. അതിനുള്ള നടപടി ആലോചിക്കും. പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്കിടയിലെ സൈബര്‍ ആക്രമണത്തില്‍ നിലവിലുള്ള നിയമം ശക്തമാണ്.ബാക്കിയുള്ളവ പരിശോധിക്കും. ഉന്നതവിദ്യാഭ്യാസ മേഖല സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കും. പഠനമുറി വിപുലീകരണവുമായി ബന്ധപ്പെട്ടും പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയോടുള്ള ക്ഷണിതാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01