മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായതിനാൽ ഷട്ടറുകൾ തുറക്കും. ഉച്ചയ്ക്ക് 12 മണിക്കായിരിക്കും ഷട്ടറുകൾ തുറക്കുക എന്ന് തമിഴ്നാട് അറിയിച്ചു. രാവിലെ 10 മണിക്ക് ഷട്ടറുകൾ തുറക്കുമെന്നായിരുന്നു മുമ്പ് ലഭിച്ച വിവരങ്ങൾ. പതിമൂന്ന് സ്പിൽവേ ഷട്ടറുകളും തുറക്കും. എല്ലാ ഷട്ടറുകളും 10 സെന്റീമീറ്റർ വീതം ആയിരിക്കും ഉയർത്തുക.
ജൂൺ മാസത്തിലെ റൂൾ കർവ് പ്രകാരം 136 അടി പിന്നിട്ടാൽ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. രാത്രിയിൽ ഡാം തുറക്കരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്നാട് ജല വിഭവ വകുപ്പിനോട് അഭ്യർത്ഥിച്ചിരുന്നു. ഷട്ടറുകൾ തുറന്നാൽ 250 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കും. പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം എന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇടുക്കി ജില്ല ഭരണകൂടം അറിയിച്ചു. തുറന്നുവിടുന്ന വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 122.75 അടിയായിരുന്നു ജലനിരപ്പ്.
إرسال تعليق