ഇന്നും തലമുറകളെ പ്രചോദിപ്പിക്കുന്ന സമത്വചിന്തകളും പാട്ടുകളും, കാലാതീതനായ വിമോചന നായകന്‍; ഇന്ന് പൊയ്കയില്‍ അപ്പച്ചന്റെ ഓര്‍മദിനം


ഇന്ന് പൊയ്കയില്‍ അപ്പച്ചന്റെ ഓര്‍മദിനം. സോഷ്യല്‍ മീഡിയക്കാലത്ത് പോലും പൊയ്കയില്‍ അപ്പച്ചന്‍ ഉയര്‍ത്തിവിട്ട സമത്വചിന്തകള്‍ തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജാതിമേല്‍ക്കോയ്മയെ ജാതിവിരുദ്ധ ചിന്തകള്‍ കൊണ്ട് സമരോത്സുകമാക്കിയ പൊയ്കയില്‍ അപ്പച്ചന്‍ എന്ന ശ്രീകുമാര ഗുരുവിന്റെ എണ്‍പത്തിയാറാം ഓര്‍മദിനമാണ് ഇന്ന്. അടുത്തിടെ, പൊയ്കയില്‍ അപ്പച്ചന്റെ വിഖ്യാതമായ ഒരു പഴയ ഗാനം റാപ്പര്‍ വേടന്‍ ആലപിച്ചതോടെ അദ്ദേഹത്തിന്റെ ആശയങ്ങള്‍ വീണ്ടും ചര്‍ച്ചയായിരുന്നു.  ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, മധ്യ തിരുവിതാംകൂറിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ച്, അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങളുടെ ഉന്നമനത്തിനായി പ്രസംഗിച്ചും പാടിയും ചലനം സൃഷ്ടിച്ചു പൊയ്കയില്‍ അപ്പച്ചന്‍. കേരളീയ നവോത്ഥാനത്തെ പ്രോജ്വലമാക്കിയ പ്രസ്ഥാനങ്ങളില്‍ ഒന്നാണ് അപ്പച്ചന്‍ സ്ഥാപിച്ച പ്രത്യക്ഷരക്ഷാ ദൈവസഭ. പൊയ്കയില്‍ അപ്പച്ചന്റെ ഓരോ കവിതയിലേയും ആശയങ്ങള്‍ ചെന്നുതറച്ചത് ജാതി അടിമത്തത്തെ നിരന്തരം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന കൊളോണിയല്‍ അടിമത്തത്തില്‍ തന്നെയാണ്. അക്ഷരത്തിലൂടെ മാത്രമേ ഈ വ്യവസ്ഥിതിയെ തകര്‍ക്കാനാകൂ എന്ന് പൊയ്കയില്‍ അപ്പച്ചന്‍ ആദ്യമേ തിരിച്ചറിഞ്ഞു. വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ട കുറേ പാട്ടുകള്‍… പലതും അന്യാധീനപ്പെട്ടു.. ചില കൈയെഴുത്തു പ്രതികള്‍ പിന്നീട് വീണ്ടെടുക്കാനായി. മൂലധനമില്ലായ്മയെ അതിജീവിച്ച പൊയ്കയില്‍ അപ്പച്ചന്റെ വിപ്‌ളവ ഗാനങ്ങള്‍ എല്ലാം തന്നെ കീഴാളരുടെ ഉന്നമനത്തിനായുള്ള ത്യാഗോജ്വല സാമൂഹിക ഇടപെടല്‍ ആയും ആശയ വിനിമയ പ്രഖ്യാപനമായും നമുക്ക് കാണാം.

മതഭ്രാന്ത് മൂത്ത് സ്വന്തം മാതാപിതാക്കളെ വരെ കൊല്ലാന്‍ മടിക്കാത്ത പുതു തലമുറക്കാര്‍ ശ്രീകുമാര ഗുരുദേവനെന്ന പൊയ്കയില്‍ അപ്പച്ചനെ, അഥവാ പൊയ്കയില്‍ യോഹന്നാനെ കൂടുതല്‍ അറിയണം. തിരുവല്ലയ്ക്കടുത്ത് ഇരവിപേരൂരില്‍ ഇന്നും സജീവമായി പ്രവര്‍ത്തിക്കുന്ന പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കണം. ആര്‍ക്കും വേണ്ടാത്ത ജനവിഭാഗത്തെ മതത്തിന് അതീതമായി, ആത്മീയതയുടെ സ്പര്‍ശം കൊണ്ട് ഉന്നതിയിലേക്ക് നയിക്കാന്‍ അശ്രാന്തം പരിശ്രമിച്ച സാമുഹിക പരിഷ്‌കര്‍ത്താവായിരുന്നു. ഒരു സ്‌കൂള്‍ സിലബസിലും പൊയ്കയില്‍ അപ്പച്ചന്‍ ഇപ്പോഴുമില്ല. എപ്പോഴെങ്കിയും പിഎസ് സി ചോദ്യപ്പേപ്പറില്‍ വന്നാലായി. പക്ഷേ, വേടന്‍ പാടിത്തുടങ്ങിയതോടെ പൊയ്കയില്‍ അപ്പച്ചന് പൂനര്‍ജീവനായിക്കഴിഞ്ഞു. നവോത്ഥാന വഴികളിലെ ആദ്യ പഥികനെ നമുക്ക് ആദരവോടെ ഓര്‍ക്കാം.



Post a Comment

أحدث أقدم

AD01