'നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുശേഷം സ്വരാജിനേക്കാള്‍ സൈബര്‍ ആക്രമണം എനിക്കുനേരെ'; കെ ആര്‍ മീര


കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം സ്ഥാനാര്‍ത്ഥി എം സ്വരാജിനേക്കാള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ആക്രമിക്കപ്പെടുന്നത് താനാണെന്ന് എഴുത്തുകാരി കെ ആര്‍ മീര. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് സ്ഥാനാര്‍ത്ഥിക്കായി ഒരു യോഗത്തില്‍ പ്രസംഗിച്ചതിനാണ് ഈ കുറ്റപ്പെടുത്തലെന്നും എഴുത്തുകാര്‍ക്ക് രാഷ്ട്രീയം പാടില്ലെന്ന് ഇല്ലല്ലോ എന്നും കെ ആര്‍ മീര പറഞ്ഞു. സീതാറാം യെച്ചൂരിയെക്കുറിച്ചുളള 'ആധുനിക കമ്മ്യൂണിസ്റ്റ്' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു കെആര്‍ മീര ഇക്കാര്യം പറഞ്ഞത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി പി അബൂബക്കര്‍ എഴുതിയ പുസ്തകം സിപി ഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയാണ് കെ ആര്‍ മീരയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് ചടങ്ങില്‍ അധ്യക്ഷനായി. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം കാലത്തിന്റെയും ചരിത്രത്തിന്റെയും ആവശ്യമാണ് എന്നായിരുന്നു കെആര്‍ മീര നേരത്തെ പറഞ്ഞിരുന്നത്. അമാന്യമായ വാക്കുകള്‍ ഉപയോഗിക്കാത്ത രാഷ്ട്രീയക്കാരെ സമൂഹം ആവശ്യപ്പെടുന്ന കാലത്ത് സ്വരാജ് സഭയിലുണ്ടാകണം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരുപാട് സ്വരാജുമാരുണ്ടാകണം. എന്റെ വോട്ട് നിലമ്പൂരായിരുന്നെങ്കില്‍ സ്വരാജിന് വോട്ടുനല്‍കുമായിരുന്നു. എന്നാണ് കെ ആര്‍ മീര പറഞ്ഞത്. മികച്ച എതിരാളിയെ ചോദിച്ചുവാങ്ങിയ കോണ്‍ഗ്രസിന് അഭിനന്ദനമെന്നും അവര്‍ പറഞ്ഞിരുന്നു.

Post a Comment

أحدث أقدم

AD01