കേരള പൊലീസ് ഇന്ത്യയിലെ മികച്ച സേനയെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സഹേബ്. തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ യാത്രയയപ്പ് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 35 വർഷത്തെ സർവീസിന് ശേഷമാണ് പടിയിറക്കം. വിശ്വസിച്ചു ചുമതലകൾ ഏൽപ്പിച്ച എല്ലാവരോടും കടപ്പാടെന്ന് ദർവേഷ് സാഹേബ് പറഞ്ഞു. കുറ്റാന്വേഷണ മികവിലും, ക്രമസമാധാനം കാക്കുന്നതിലും കേരള പൊലീസ് മുന്നിലാണ്. ഇതെല്ലാം കാണിക്കുന്നത് കേരള പൊലീസിന്റെ പ്രൊഫഷണലിസം. പൊലീസ് ജോലി ചെയ്യുന്നത് ജനങ്ങളെ സേവിക്കാനാണ്. കേസുകളുടെ അന്വേഷണ പുരോഗതി യഥാസമയം പരാതിക്കാരെ അറിയിക്കണമെന്നത് താൻ എപ്പോഴും പറയുന്ന കാര്യം ആണെന്നും ഷെയ്‌ക്ക് ദർവേഷ് സാഹേബ് പറഞ്ഞു.
സൈബർ കുറ്റങ്ങൾ, മയക്കുമരുന്ന് വ്യാപനം എന്നിവ പൊലീസ് നേരിടുന്ന വെല്ലുവിളിയാണെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. ഈ വിഷയങ്ങളിൽ ശക്തമായ നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റേഷനിൽ എത്തുന്ന പരാതിക്കാരോട് മാന്യമായി പെരുമാറണമെന്നും കരുണയോടു പെരുമാറാൻ ശ്രമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. യൂണിഫോം ഉണ്ടെങ്കിലും ഇല്ലെങ്കിലും നാടിനു വേണ്ടി പ്രവർത്തിക്കണമെന്ന് ഷെയ്ക്ക് ദർവേഷ് സഹേബ് പറഞ്ഞു.
സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്ന് അറിയാം. രാവിലെ ഒന്പതരയ്ക്ക് ചേരുന്ന മന്ത്രിസഭായോഗം ഡി.ജി.പിയെ തീരുമാനിക്കും. ചുരുക്കപ്പട്ടികയിൽ മൂന്നുപേർ. റവാഡ ചന്ദ്രശേഖറിന് മുൻതൂക്കം. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറായ നിതിൻ അഗർവാൾ, കേന്ദ്ര സെക്രട്ടറിയേറ്റിൽ ക്യാബിനറ്റ് പദവിയോടെ ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖർ, അഗ്നിരക്ഷാ സേന മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യു.പി.എസ്.സി ചുരുക്ക പട്ടികയിലുള്ളത്.
إرسال تعليق