ദേശീയ ഉച്ചകോടി: ആയുഷ് മേഖലയിലെ വിവര സാങ്കേതികവിദ്യ നോഡല്‍ സംസ്ഥാനമായി കേരളം


കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗ് സഹകരണത്തോടെ സെപ്റ്റംബറില്‍ ദില്ലിയില്‍ സംഘടിപ്പിക്കുന്ന ദേശീയ വകുപ്പുതല ഉച്ചകോടിയില്‍ കേരള ആയുഷ് വകുപ്പും. ഉച്ചകോടിയില്‍ അവതരിപ്പിക്കുന്ന ‘ആയുഷ് മേഖലയില്‍ നടപ്പിലാക്കിയ വിവരസാങ്കേതികവിദ്യാ സേവനങ്ങള്‍’ എന്ന വിഷയത്തില്‍ കേരളത്തെ നോഡല്‍ സംസ്ഥാനമാക്കി. സംസ്ഥാനം ആയുഷ് മേഖലയില്‍ നടപ്പിലാക്കി വരുന്ന വിവിധങ്ങളായ വിവരസാങ്കേതികവിദ്യാ സേവനങ്ങള്‍ കഴിഞ്ഞ ദേശീയ ആയുഷ് കോണ്‍ക്ലേവില്‍ ദേശീയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിന് തുടര്‍ന്നാണ് ഈ ഒരു അംഗീകാരം ലഭിച്ചത്.

ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഉച്ചകോടിയില്‍ ആയുഷ് മേഖലയിലെ വിവരസാങ്കേതികവിദ്യാ സേവനങ്ങള്‍ എന്ന വിഷയത്തില്‍ കേരളത്തെ നോഡല്‍ സംസ്ഥാനമായി തെരഞ്ഞെടുത്തത് അഭിമാനാര്‍ഹമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആയുഷ് മേഖലയില്‍ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങള്‍ക്കുള്ള അംഗീകാരമാണിത്. ആയുഷ് മേഖലയില്‍ സിവില്‍ വര്‍ക്ക് മോണിറ്ററിങ്ങ് സോഫ്‌റ്റ്‌വെയര്‍, എച്ച് ആര്‍ മാനേജ്മെന്റ് സോഫ്‌റ്റ്‌വെയര്‍, ലേണിങ് മാനേജ്മെന്റ് സിസ്റ്റം, മെഡിസിന്‍ പ്രോക്യൂര്‍മെന്റ് സോഫ്‌റ്റ്‌വെയര്‍, HMIS സോഫ്‌റ്റ്‌വെയര്‍ എന്നിവ നടപ്പിലാക്കിയതാണ് ഈ നേട്ടത്തിന് കാരണമായത്. ഇത്തരം അംഗീകാരങ്ങള്‍ സംസ്ഥാനത്തെ ആയുര്‍വേദം, ഹോമിയോപ്പതി, യോഗ നാച്ചുറോപതി, സിദ്ധ, യുനാനി തുടങ്ങിയ ആയുഷ് ചികിത്സാ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുവാന്‍ ഊര്‍ജം പകരുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം കേന്ദ്ര ആയുഷ് മന്ത്രാലയം മഹാരാഷ്ട്രയില്‍ സംഘടിപ്പിച്ച ദേശീയ ആയുഷ് മിഷന്‍ കോണ്‍ക്ലേവില്‍ കേരളത്തിന് അഭിനന്ദനം ലഭിച്ചിരുന്നു. കേരള ആയുഷ് മേഖല രാജ്യത്തിലെ മികച്ച മാതൃകയെന്ന് കേന്ദ്ര ആയുഷ് മന്ത്രി പ്രതാപ് റാവു ജാദവ് അന്ന് അഭിപ്രായപ്പെട്ടു.

കേരളം ആയുഷ് മേഖലയില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന എന്‍ എ ബി എച്ച്, കായകല്‍പ്, ആയുഷ് IPHS എന്നിവ മുന്‍നിര്‍ത്തിയുള്ള ചികിത്സാ കേന്ദ്രങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തല്‍, വൈവിധ്യമാര്‍ന്ന പൊതുജനാരോഗ്യ പരിപാടികള്‍, ഡിജിറ്റല്‍ സംരംഭങ്ങള്‍ എന്നിവ കേന്ദ്ര ആയുഷ് മന്ത്രിയുടെയും മറ്റ് സംസ്ഥാനങ്ങളുടെയും പ്രശംസ പിടിച്ചുപറ്റി. കേരളത്തില്‍ നടപ്പിലാക്കുന്ന മികച്ച ആശയങ്ങള്‍ പഠനവിധേയമാക്കാന്‍ സംഘങ്ങളെ അയയ്ക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത വിവിധ സംസ്ഥാന ആയുഷ് മന്ത്രിമാരും സെക്രട്ടറിമാരും അറിയിച്ചു. ആയുഷ് കായകല്പ അവാര്‍ഡ്, ഐ ടി സംരംഭങ്ങള്‍, എന്‍ എ ബി എച്ച് യോഗ്യത നേടിയ 250 ആയുഷ് സ്ഥാപനങ്ങള്‍, 10,000 ആയുഷ് യോഗ ക്ലബ്ബുകള്‍, സ്പോര്‍ട്സ് ആയുര്‍വേദം, ദൃഷ്ടി, ജനനി തുടങ്ങിയ പദ്ധതികളും പ്രശംസയ്ക്ക് അര്‍ഹമായി.

Post a Comment

أحدث أقدم

AD01