റോഡില്‍ പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റ് 19കാരന്‍ മരിച്ചു; അപകട കാരണം പോസ്റ്റിലേക്ക് മരംവീണത്

 


തിരുവനന്തപുരം നെടുമങ്ങാട് പത്തൊന്‍പത് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. മരം ഒടിഞ്ഞ് വൈദ്യുതി പോസ്റ്റിനു മുകളിലൂടെ റോഡിലേയ്ക്ക് വീണിരുന്നു. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന അക്ഷയ്ക്ക് ഇതില്‍ മുട്ടിയാണ് ഷോക്കേറ്റത്. രാത്രി രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. ബൈക്കില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ടുപേര്‍ക്കും അപകടത്തില്‍ കാര്യമായ പരുക്കുകളില്ല. മൂവരും കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. മരം ഒടിഞ്ഞ് പോസ്റ്റിന് മുകളില്‍ വീണപ്പോള്‍ പോസ്റ്റില്‍ നിന്നുള്ള ലൈനുകള്‍ നേരിട്ട് അക്ഷയ്‌യുടെ ദേഹത്ത് തട്ടുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയും മൂവരും നിലത്തേക്ക് വീഴുകയും ചെയ്തു. അക്ഷയ് ഷോക്കേറ്റ് ഉടന്‍ തന്നെ മരിച്ചു. മറ്റ് രണ്ടുപേരും എതിര്‍ വശത്തേക്കാണ് വീണത്. അക്ഷയ്‌യുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലൈനിലെ വൈദ്യുതി ഇപ്പോള്‍ പൂര്‍ണമായി വിച്ഛേദിച്ചിട്ടുണ്ട്.



Post a Comment

أحدث أقدم

AD01